| Tuesday, 12th November 2024, 1:31 pm

പാകിസ്ഥാനിലെ ഹാക്കര്‍മാര്‍ക്ക് ലാലേട്ടന്‍ ഫാന്‍സ് കൊടുത്ത പണിയില്‍ നിന്നാണ് എനിക്ക് ഈ കഥ കിട്ടിയത്: സജിന്‍ ചെറുകയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലുവിന്റെ വമ്പന്‍ വിജയത്തിന് ശേഷം ഗിരീഷ് എ.ഡി. നസ്‌ലെന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ഐ ആം കാതലന്‍. തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ ട്രാക്കിലാണ് ഗിരീഷ് ഐ ആം കാതലനെ അണിയിച്ചൊരുക്കിയത്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജിന്‍ ചെറുകയിലാണ്.

ഗിരീഷിന്റെ മുന്‍ ചിത്രമായ സൂപ്പര്‍ ശരണ്യയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടനാണ് സജിന്‍. ഐ ആം കാതലന്റെ കഥ തനിക്ക് കിട്ടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് സജിന്‍ ചെറുകയില്‍. കുറച്ചുകാലങ്ങള്‍ക്ക് മുമ്പ് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്നും പാകിസ്ഥാനില്‍ നിന്നുള്ള ഗ്രൂപ്പായിരുന്നു അതിന് പിന്നിലെന്നും സജിന്‍ പറഞ്ഞു.

അതിന് പകരമായി മോഹന്‍ലാല്‍ ഫാന്‍സിലെ ഹാക്കര്‍മാര്‍ പാകിസ്ഥാന്‍ ഗവണ്മെന്റിന്റെ പേജില്‍ കയറി ‘പോ മോനേ ദിനേശാ’ എന്ന് എഴുതിയത് വലിയ വാര്‍ത്തയായിരുന്നെന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു. അത് വളരെ ഇന്‍ട്രസ്റ്റിങ്ങായി തോന്നിയെന്നും അതുപോലൊരു മോഹന്‍ലാല്‍ ഫാനിന്റെ കഥ സിനിമയാക്കിയാല്‍ കൊള്ളാമെന്ന് തോന്നിയെന്നും സജിന്‍ പറഞ്ഞു.

കാതലന്റെ കഥ ആദ്യം പ്ലാന്‍ ചെയ്തത് അങ്ങനെയായിരുന്നെന്നും പിന്നീടാണ് ഇപ്പോഴുള്ള കഥയിലേക്ക് വന്നതെന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം ഹാക്കിങ്ങുകളെപ്പറ്റിയുള്ള വാര്‍ത്തകളാണ് കാതലന്റെ കഥക്ക് ഇന്‍സ്പിറേഷനെന്നും പൈസക്ക് വേണ്ടിയല്ലാതെ നടത്തുന്ന ഹാക്കിങ്ങിനെക്കുറിച്ച് സംസാരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും സജിന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സജിന്‍ ചെറുകയില്‍.

‘ഐ ആം കാതലന്റെ കഥക്ക് ആധാരമായ സംഭവം കിട്ടിയത് കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരിടയ്ക്ക് മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ആരോ ഹാക്ക് ചെയ്തിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഒരു ടീമാണ് അതിന്റെ പിന്നിലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ആ സമയത്ത് ഹാക്കര്‍മാരുടെ കമ്മ്യൂണിറ്റിയിലുള്ള മോഹന്‍ലാല്‍ ഫാന്‍സ് പാകിസ്ഥാന്റെ പല വെബ്‌സൈറ്റും ഹാക്ക് ചെയ്ത് ‘പോ മോനേ ദിനേശാ’ എന്ന സ്റ്റിക്കര്‍ അതില്‍ വെച്ചത് വലിയ വാര്‍ത്തയായിരുന്നു.

അതില്‍ നിന്നാണ് എനിക്ക് കാതലന്റെ കഥക്കുള്ള സ്പാര്‍ക്ക് കിട്ടുന്നത്. ലാലേട്ടന്‍ ഫാനായ ഒരു ഹാക്കറിന്റെ കഥയായിട്ടാണ് ആദ്യം പ്ലാന്‍ ചെയ്തത്. പിന്നീട് ഗിരീഷുമായുള്ള ഡിസ്‌കഷന് ശേഷമാണ് ഇപ്പോഴുള്ള കഥയിലേക്ക് എത്തിയത്. ഇങ്ങനെയൊരു ഹാക്കറിന്റ കഥ സിനിമയാക്കുമ്പോള്‍ ആ കഥാപാത്രം ഒരിക്കലും പൈസക്ക് വേണ്ടി ഹാക്ക് ചെയ്യുന്ന ഒരാളാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു,’ സജിന്‍ ചെറുകയില്‍ പറഞ്ഞു.

Content Highlight: Sajin Cherukayil explains hoe he got the idea of I Am Kathalan movie

We use cookies to give you the best possible experience. Learn more