ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിനു പിന്നാലെ ഏറെ വിവാദങ്ങളും ഉയരാറുണ്ട്. അര്‍ഹതയില്ലാത്തവര്‍ക്ക് പുരസ്‌കാരം നല്‍കിയെന്നും പുരസ്‌കാരത്തിനു പിന്നില്‍ അഴിമതിയുണ്ട് എന്നുമൊക്കെ ആരോപണങ്ങള്‍ ഉയരാറുണ്ട്. യുവതാരങ്ങളായ നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനുമൊക്കെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച വേളയിലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
നിവിനും ദുല്‍ഖറിനും എതിരെ ഉയര്‍ന്ന അത്തരം ആരോപണങ്ങള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. സംവിധായകന്‍ സജിന്‍ ബാബുവാണ് വീണ്ടും ഇത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
താന്‍ കാശുകൊടുത്ത് സ്വാധീനിച്ച് പുരസ്‌കാരം വാങ്ങിയിട്ടുണ്ടെന്നും അതിന്റെ വേദന ഇന്നും തന്നെ പിന്തുടരുന്നുണ്ടെന്നുമുള്ള ബോളിവുഡ് താരം ഋഷി കപൂറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സജിന്‍ ഇട്ട ഒരു കമന്റാണ് ചര്‍ച്ചയായിരിക്കുന്നത്.
“വര്‍ഷങ്ങള്‍ക്ക് മുമ്പേ കാശ് കൊടുത്തും, സ്വാധീനിച്ചും അവാര്‍ഡ് വാങ്ങാമെങ്കില്‍ ഇന്നത്തെ അവസ്ഥ എന്തായിരിക്കും… വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും, ദുല്‍ഖര്‍ സല്‍മാനുമൊക്കെ അവരുടെ ആത്മകഥയില്‍ ഇങ്ങനെ വെളിപ്പെടുത്തുമായിരിക്കുമോ?….” എന്നാണ് സജിന്‍ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സജിന്റെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് ഈ പോസ്റ്റിനു താഴെ വരുന്നത്. അവര്‍ക്കും ഒരുകാലത്ത് ഇങ്ങനെ വെളിപ്പെടുത്തേണ്ടിവരുമെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു. അതേസമയം ചാര്‍ളിയിലെ ദുല്‍ഖറിന്റെ പ്രകടനവും 1983ലെ നിവിന്റെ പ്രകടനവും വളരെ മികച്ചതാണെന്നും അവര്‍ പുരസ്‌കാരത്തിന് എന്തുകൊണ്ടും അര്‍ഹരാണെന്നും പറഞ്ഞാണ് ചിലര്‍ ഈ അഭിപ്രായത്തെ എതിര്‍ക്കുന്നത്.
അതേസമയം ഡേറ്റ് കിട്ടാത്തതിന്റെ ദേഷ്യമാണെന്നും മറ്റും പറഞ്ഞ് സജിന്‍ ബാബുവിനെ ചീത്തവിളിക്കുന്നവരുമുണ്ട്.
ശ്രീനിവാസനെ നായകനാക്കി “അയാള്‍ ശശി” എന്ന ചിത്രത്തിന്റെ തിരക്കിലാണ് സജിന്‍ ബാബു ഇപ്പോള്‍. സജിന്‍ സംവിധാനം ചെയ്ത അസ്തമയം വരെ 2014ലെ മുംബൈ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യ ഗോള്‍ഡ് എന്ന മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2014ലെ ഐ.എഫ്.എഫ്.കെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ജനപ്രിയ സിനിമയ്ക്കുള്ള രജതചകോരം സ്വന്തമാക്കിയിരുന്നു.