| Monday, 19th April 2021, 2:19 pm

സ്ത്രീ സൗഹൃദ തൊഴില്‍ നിയമങ്ങള്‍ സ്ത്രീവിരുദ്ധമാക്കപ്പെടുന്നത് ആര്‍ക്കുവേണ്ടി

സാജിദ സുബൈദ

ട്രീസ ജസ്റ്റിഫൈന്‍ എന്ന വനിതാ ഉദ്യോഗാര്‍ത്ഥിക്ക് അനുകൂലമായി 2014 ഏപ്രില്‍ 16 ന് കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് അനു ശിവറാം കൊണ്ടുവന്ന വിധി ചരിത്രം ആണെന്ന് പറയേണ്ടി വരുന്നത് കേരളത്തിലെ തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമല്ല എന്നുള്ളതിന് തെളിവാണ്. കേരള മെറ്റല്‍സ് ആന്റ് മിനറല്‍സ് ലിമിറ്റഡ് പൊതുമേഖലാ സ്ഥാപനത്തിലേക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തില്‍ സേഫ്റ്റി ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍, സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല എന്ന ഉപാധി വെച്ചതാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ ട്രീസ ജസ്റ്റിഫൈനെ ഹൈക്കോടതിയിലേക്ക് എത്തിച്ചത്.

ഫാക്ടറീസ് ആക്ട് 1948 പ്രകാരമുള്ള സ്ത്രീ സുരക്ഷാ നിയമത്തെ പരിഗണിച്ചാണ് തങ്ങള്‍ അത്തരത്തിലുള്ള ഒരു നോട്ടിഫിക്കേഷന്‍ നല്‍കിയത് എന്നാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ വാദം. അതായത് ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകളെ വൈകിട്ട് 7 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള ഇടവേളകളില്‍ തൊഴിലെടുക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. യഥാര്‍ത്ഥത്തില്‍ ഈ നിയമം സ്ത്രീ സൗഹൃദമാണ്. സ്ത്രീ-പുരുഷ അസമത്വം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അവസരം ഉണ്ടാകുന്നതോടൊപ്പം അവളുടെ സുരക്ഷയും പരിഗണിച്ചാണ് ഈ നിയമം നിലവില്‍ വരുന്നത്.

സ്ത്രീകള്‍ സന്നദ്ധരായാല്‍ പോലും അവരെ രാത്രികാലങ്ങളില്‍ തൊഴില്‍ എടുപ്പിക്കരുത് എന്നല്ല ഇതിനര്‍ത്ഥം എന്ന് കൊച്ചുകുട്ടികള്‍ക്കുപോലും മനസ്സിലാക്കാവുന്നതാണ്. സ്ത്രീ സൗഹൃദമാകേണ്ട നിയമത്തെ ഉപയോഗിച്ചു കൊണ്ട് തന്നെ സ്ത്രീയുടെ അവകാശം നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് നമുക്ക് കാണാന്‍ സാധിക്കുന്നത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷോപ്പ് ആന്റ് അദര്‍ എസ്റ്റാബ്ലിഷ്‌മെന്റ് കൊമേഴ്ഷ്യല്‍ ആക്ട് 1960 ഭേദഗതി ചെയ്തുകൊണ്ട് പീടികയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളെ വൈകിട്ട് 7 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള ഇടവേളകളില്‍ ഏതുവിധേനയും തൊഴില്‍ എടുപ്പിക്കാം എന്ന മാറ്റങ്ങള്‍ വരുത്തിയ സര്‍ക്കാര്‍ തന്നെയാണ് ഇങ്ങനെയൊരു വാദം ഉയര്‍ത്തിയത് എന്നുള്ളതാണ് വിരോധാഭാസം.

ഈ നിയമഭേദഗതി എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടില്ല. പകരം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പ് അവകാശം നല്‍കിയിരിക്കുന്നു എന്നതാണ് കൊട്ടിഘോഷിക്കപ്പെട്ടത്. തൊഴില്‍ വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെ മറച്ചു വെക്കുന്നതിന്റെ ഭാഗമായാണ് അന്ന് സര്‍ക്കാര്‍ ഇരിപ്പ് അവകാശത്തെ ഹൈലൈറ്റ് ചെയ്തത്.

പെണ്‍കൂട്ട് എന്ന കോഴിക്കോട്ടെ തൊഴിലാളി യൂണിയന്റെ നേതാവ് പി. വിജി നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമായാണ് സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശം ലഭിച്ചത് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇന്നും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മൂത്രം ഒഴിക്കുന്നതിനോ ഒന്നിരിക്കുന്നതിനോ ഉള്ള സൗകര്യം പലപ്പോഴും ഉണ്ടാകാറില്ല. നമ്മള്‍ മനസ്സിലാക്കേണ്ട ഒരു വസ്തുത, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ല എന്നതിന് ഒരു നിയമവും ഇവിടെ നിലനില്‍ക്കുന്നില്ല. ഈ സാഹചര്യത്തിലും ഇരിക്കാനുള്ള അവകാശത്തിനുവേണ്ടി എന്തുകൊണ്ട് സമരം ചെയ്യേണ്ടി വരുന്നു എന്നുള്ളത് സൂചിപ്പിക്കുന്നത് തന്നെ, നിലവിലുള്ള നിയമങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ല എന്നതാണ്.

അതായത് തൊഴിലിടങ്ങളിലെ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അധികാരമുണ്ടായിരുന്ന ലേബര്‍ ഓഫീസറെ ഇന്‍വിജിലേറ്റര്‍ അഥവാ വെറുമൊരു നിരീക്ഷകനായി മാറ്റുകയും, സ്ത്രീ തൊഴിലാളികളെ തൊഴിലിടങ്ങളില്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തൊഴിലുടമക്ക് തൊഴില്‍ എടുപ്പിക്കാന്‍ ഉള്ള അവസരം നല്‍കുകയുമാണ് മൂന്ന് വര്‍ഷം മുമ്പ് ചെയ്ത ഭേദഗതിയിലൂടെ സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്തത്. വലിയ പ്രതിഷേധം ഉയരേണ്ട ഈ രണ്ട് നിയമഭേദഗതികളെയും സര്‍ക്കാര്‍ മറച്ചുപിടിച്ചത് ഇരിപ്പവകാശം കൊട്ടിഘോഷിച്ചു കൊണ്ടായിരുന്നു.

സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും സ്ത്രീ തൊഴിലാളികളെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തൊഴില്‍ എടുപ്പിക്കുന്നതിനു വേണ്ടി തൊഴിലുടമക്ക് അനുകൂലമായി ഭേദഗതി നടത്തിയ സര്‍ക്കാറിന്റെ ഇരട്ടത്താപ്പാണ് കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് പൊതുമേഖലാ സ്ഥാപനത്തില്‍, ഫാക്ടറീസ് ആക്ട് 1948 ആണ് സ്ത്രീക്ക് തൊഴില്‍ നിഷേധിച്ചതിന് കാരണമെന്നു പറയിച്ചത്.

സ്ത്രീയുടെ ഉന്നമനവും പുരോഗമനവും സ്വയംപര്യാപ്തതയും ചര്‍ച്ച ചെയ്യുന്ന ഒരു ഭരണകൂടത്തിന്റെ ‘സ്ത്രീ സൗഹൃദം’ ഉപയോഗിച്ചുള്ള രണ്ടു സ്ത്രീവിരുദ്ധ നിലപാടുകളാണ് നമുക്കിവിടെ കാണാന്‍ സാധിക്കുന്നത്. ഈ സ്ത്രീ വിരുദ്ധതക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ട്രീസക്ക് ലഭിച്ച അനുകൂല വിധിയെ, നിയമത്തെ മറികടന്ന ചരിത്ര വിധിയെന്ന് അടയാളപ്പെടുത്തുന്നിടത്താണ് നമ്മുടെ പരിമിതിയെ മനസ്സിലാക്കേണ്ടത്.

അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് പോലും കോടതിയെ സമീപിക്കേണ്ട അവസ്ഥ, നല്‍കുന്ന പാഠം അവകാശങ്ങള്‍ എത്ര നിഷേധിക്കപ്പെടുന്നു എന്നുള്ളത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ്, നിയമ വിസ്താരങ്ങള്‍ക്കപ്പുറം ഇത്, ഒരു പൗരന്റെ ഭരണഘടന അവകാശ ലംഘനമാണെന്ന് ജസ്റ്റിസ് അനു ശിവറാമിന് പറയേണ്ടി വന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sajida Zubaida writes- Labour Laws

സാജിദ സുബൈദ

We use cookies to give you the best possible experience. Learn more