നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ സാന്നിധ്യമറിയിച്ചയാളാണ് സജിദ് യഹിയ. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത സജിദ് ജയസൂര്യ നായകനായ ഇടിയിലൂടെയാണ് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ഈ വര്‍ഷത്തെ മികച്ച കുട്ടികളുടെ സിനിമക്കുള്ള അവാര്‍ഡ് നേടിയ പല്ലൊട്ടി 90സ് കിഡ്‌സ് എന്ന ചിത്രത്തിലൂടെ നിര്‍മാണത്തിലും തന്റെ സാന്നിധ്യമറിയിച്ചു.
റിവ്യൂവിന്റെ അടിസ്ഥാനത്തിലാണ് സിനിമ വിജയിക്കുന്നതെങ്കില്‍ ഏറ്റവും വലിയ വിജയമായി മാറേണ്ട സിനിമയായിരുന്നു പല്ലൊട്ടി എന്ന് പറയുകയാണ് സജിദ് യഹിയ. സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് എല്ലാ റിവ്യൂവേഴ്സും പറഞ്ഞതെന്നും എന്നാല്‍ കൃത്യമായ തിയേറ്ററും ഷോകളും ലഭിക്കാത്തതുകൊണ്ടാണ് ചിത്രം പരാജയമായതെന്നും അദ്ദേഹം പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സജിദ് യഹിയ.
‘റിവ്യൂവിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ കേരളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറേണ്ടത് പല്ലൊട്ടി എന്ന ചിത്രമായിരിക്കും. അത് ഞാന്‍ തന്നെ നിര്‍മിച്ച ചിത്രമായിരുന്നു. ആ സിനിമക്ക് ആരെങ്കിലും മോശം പറഞ്ഞിരുന്നോ? എന്റമ്മോ എന്ത് അടിപൊളി സിനിമയാണെന്ന് അറിയുമോ എന്നൊക്കെയാണ് റിവ്യൂ വന്നിരുന്നത്.
പക്ഷെ എന്താണ് ആ സിനിമക്ക് വന്ന കളക്ഷന്‍? ആ സിനിമക്ക് വേണ്ടിയിട്ടാണ് ഞാന്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത്. എന്നാല്‍ അത് ആ ചിത്രം നിര്‍മിക്കാന്‍ വേണ്ടിയല്ല. ഞാന്‍ കഷ്ടപ്പെട്ടത് ആ സിനിമക്ക് തിയേറ്ററില്‍ റൈറ്റ് ടൈം ഷോ കിട്ടാന്‍ വേണ്ടിയിട്ടാണ്. എനിക്കൊരു ഫസ്റ്റ് ഷോ തരുമോ, എനിക്കൊരു സെക്കന്റ് ഷോ തരുമോ എന്നെല്ലാം കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ഞാന്‍ വിളിച്ച് ചോദിച്ചിരുന്നു.
എന്നെ സപ്പോര്‍ട്ട് ചെയ്ത തിയേറ്ററുകളും ഉണ്ട്. മുക്കത്തെ ഒരു തിയേറ്ററുണ്ട്. ഖല്‍ബിന് ഒരു ദിവസം അഞ്ച് ഷോ തന്നിട്ടുണ്ട് അവര്‍. ഞങ്ങള്‍ക്ക് പടം ഇഷ്ടപ്പെട്ടു. ഈ സിനിമ അവിടെ വര്‍ക്കാകും എന്ന് പറഞ്ഞാണ് അവര്‍ ഖല്‍ബിന് ഷോ തന്നത്.
പടം കൊള്ളില്ല എന്ന് പറഞ്ഞ ഒരു വിഭാഗത്തിന്റെ അഭിപ്രായത്തെ മറികടക്കാന്‍ യഥാര്‍ത്ഥ പ്രേക്ഷകര്‍ക്ക് തിയേറ്ററുകളില്‍ ഷോ കിട്ടിയിട്ടില്ല അതാണ് ശരിക്കുമുള്ള കാരണം. അല്ലാതെ ഒരു ഇരുട്ടുമുറിയില്‍ ഇരുന്ന് ഫാന്‍സി ഡ്രസ്സ് നടത്തുന്ന ഒരാള്‍ വിചാരിച്ചാലും മലയാള സിനിമയെ എന്നല്ല ഒരു സിനിമയേയും ഒരു കലയേയും ഒരു മനുഷ്യനേയും നശിപ്പിക്കാന്‍ കഴിയില്ല,’ സജിദ് യഹിയ
Content Highlight: Sajid Yahiya Talks About Failure Of Pallotty 90’s kids Movie