Entertainment
ആഷിഖ് അബു മലയാളസിനിമയില്‍ ഉണ്ടാക്കിയ റെവല്യൂഷനായിരുന്നു അത്: സജിദ് യഹിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 17, 05:01 pm
Tuesday, 17th December 2024, 10:31 pm

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ സാന്നിധ്യമറിയിച്ചയാളാണ് സജിദ് യഹിയ. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത സജിദ് ജയസൂര്യ നായകനായ ഇടിയിലൂടെയാണ് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ഈ വര്‍ഷത്തെ മികച്ച കുട്ടികളുടെ സിനിമക്കുള്ള അവാര്‍ഡ് നേടിയ പല്ലൊട്ടി 90സ് കിഡ്‌സ് എന്ന ചിത്രത്തിലൂടെ നിര്‍മാണത്തിലും തന്റെ സാന്നിധ്യമറിയിച്ചു.

സിനിമയിലെത്തുന്നതിന് മുമ്പ് ‘സിനിമാപ്രാന്തന്‍’ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് സജിദ് നടത്തിയിരുന്നു. മലയാളത്തില്‍ ആദ്യമായി ഓണ്‍ലൈന്‍ പ്രൊമോഷന് വേണ്ടി മുന്നിട്ടിറങ്ങിയ വൈബ്‌സൈറ്റായിരുന്നു സിനിമാപ്രാന്തന്‍. ആദ്യാകലങ്ങളില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് സജിദ് യഹിയ. ഇന്റര്‍നെറ്റും ഫേസ്ബുക്കും ആളുകളിലേക്ക് അധികം എത്താത്ത കാലത്തായിരുന്നു ആ വെബ്‌സൈറ്റ് ആരംഭിച്ചതെന്ന് സജിദ് യഹിയ പറഞ്ഞു.

തുടക്കത്തില്‍ ആ വെബ്‌സൈറ്റിന്റെ പേര് കേരള സ്‌പോട്ട് ലൈറ്റ് എന്നായിരുന്നുവെന്ന് സജിദ് കൂട്ടിച്ചേര്‍ത്തു. സിനിമാക്കാരുടെ നമ്പര്‍ എല്ലാം തപ്പിപ്പിടിച്ച് അവരെ വിളിച്ച് ഓണ്‍ലൈന്‍ പ്രൊമോഷന് താത്പര്യമുണ്ടോ എന്ന് ചോദിക്കാറുണ്ടായിരുന്നെന്നും സജിദ് പറഞ്ഞു. എന്നാല്‍ എല്ലാവരില്‍ നിന്നും നെഗറ്റീവ് റെസ്‌പോണ്‍സാണ് കിട്ടിയിരുന്നതെന്നും വലിയ നിരാശയായെന്നും സജിദ് കൂട്ടിച്ചേര്‍ത്തു.

ആ സമയത്താണ് ആഷിഖ് അബു തന്റെ സിനിമകളുടെ പോസ്റ്ററുകള്‍ ഓണ്‍ലൈനായി റിലീസ് ചെയ്യിച്ചതെന്നും മലയാളസിനമയില്‍ അതൊരു റെവല്യൂഷണറി മൂവ് ആയിരുന്നെന്നും സജിദ് പറഞ്ഞു. പിന്നീട് വെബ്‌സൈറ്റിന്റെ പേര് സിനിമാപ്രാന്തന്‍ എന്ന് മാറ്റിയെന്നും ഓണ്‍ലൈന്‍ പ്രൊമോഷന്‍ മലയാളസിനിമയില്‍ പിന്നീട് ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യമായെന്നും സജിദ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സജിദ് യഹിയ.

‘സിനിമാപ്രാന്തന്റെ ആദ്യത്തെ പേര് കേരള സ്‌പോട്ട് ലൈറ്റ് എന്നായിരുന്നു. ആ സമയത്ത് ഞാന്‍ എല്ലാ സിനിമാക്കാരുടെയും നമ്പര്‍ തപ്പിപ്പിടിച്ച് എടുത്ത് വിളിക്കുമായിരുന്നു. ‘ഞാന്‍ കേരള സ്‌പോട്ട് ലൈറ്റില്‍ നിന്നാണ് വിളിക്കുന്നത്, നിങ്ങളുടെ സിനിമ ഓണ്‍ലൈനായി പ്രൊമോട്ട് ചെയ്യാന്‍ താത്പര്യമുണ്ടോ’ എന്ന് ചോദിക്കും. ഇന്റര്‍നെറ്റും ഫേസ്ബുക്കും ആളുകളിലേക്ക് എത്താത്തതുകൊണ്ട് അന്ന് ആര്‍ക്കും അത് മനസിലായില്ല. ആരും താത്പര്യമില്ല എന്ന് പറഞ്ഞു.

എനിക്ക് വലിയ നിരാശയായി. ആ സമയത്താണ് ആഷിഖ് അബു പുള്ളിയുടെ പടങ്ങളെല്ലാം ഓണ്‍ലൈനായി പ്രൊമോട്ട് ചെയ്യാന്‍ തുടങ്ങിയത്. മലയാളസിനിമയില്‍ അതൊരു റെവല്യൂഷണറി സ്‌റ്റെപ്പായിരുന്നു. അതിന് ശേഷം വെബ്‌സൈറ്റിന്റെ പേര് മാറ്റി. സിനിമാപ്രാന്തന്‍ എന്നാക്കി. സിനിമയോട് പ്രാന്തുള്ള ഒരു കൂട്ടം ആളുകള്‍ക്ക് അതൊരു കൗതുകമായി. ഇന്ന് ഓണ്‍ലൈന്‍ പ്രൊമോഷന്‍ മലയാളസിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറി,’ സജിദ് യഹിയ പറഞ്ഞു.

Content Highlight: Sajid Yahiya says about the revolutionary step taken by Aashiq Abu