| Wednesday, 18th December 2024, 10:37 pm

നല്ല അഭിപ്രായം കിട്ടിയിട്ടും ആ സിനിമകള്‍ കാരണം പല്ലൊട്ടി 90സ് കിഡ്‌സിന്റെ ഷോ വെട്ടിക്കുറച്ചു: സജിദ് യഹിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ സാന്നിധ്യമറിയിച്ചയാളാണ് സജിദ് യഹിയ. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത സജിദ് ജയസൂര്യ നായകനായ ഇടിയിലൂടെയാണ് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ഈ വര്‍ഷത്തെ മികച്ച കുട്ടികളുടെ സിനിമക്കുള്ള അവാര്‍ഡ് നേടിയ പല്ലൊട്ടി 90സ് കിഡ്സ് എന്ന ചിത്രത്തിലൂടെ നിര്‍മാണത്തിലും തന്റെ സാന്നിധ്യമറിയിച്ചു.

മികച്ച അഭിപ്രായം ലഭിച്ചിട്ടും പല്ലൊട്ടി 90സ് കിഡ്‌സ് എന്ന ചിത്രത്തിന് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് പറയുകയാണ് സജിദ് യഹിയ. ഈ വര്‍ഷം താന്‍ നിര്‍മിച്ച ഖല്‍ബ് എന്ന ചിത്രത്തിനും വേണ്ടത്ര സ്‌ക്രീനുകള്‍ ലഭിച്ചില്ലെന്നും അതേ അവസ്ഥയാണ് പല്ലൊട്ടിക്കും വന്നതെന്നും സജിദ് പറഞ്ഞു. അഞ്ച് അന്യഭാഷാസിനിമകളാണ് ഖല്‍ബിനൊപ്പം റിലീസ് ചെയ്തതെന്നും അതിനാല്‍ ആരും ശ്രദ്ധിച്ചില്ലെന്നും സജിദ് കൂട്ടിച്ചേര്‍ത്തു.

പല്ലൊട്ടി റിലീസ് ചെയ്തത് പണി എന്ന സിനിമയുടെ കൂടെയായിരുന്നെന്നും മൗത്ത് പബ്ലിസിറ്റ് വഴി പതിയെയാണ് ആ സിനിമക്ക് ആളുകള്‍ കയറിയതെന്നും സജിദ് പറഞ്ഞു. എന്നാല്‍ ആ സമയത്ത് ദുല്‍ഖറിന്റെ ലക്കി ഭാസ്‌കറും ശിവകാര്‍ത്തികേയന്റെ അമരനും റിലീസായെന്നും അക്കാരണത്താല്‍ ചിത്രത്തിന്റെ ഷോ വെട്ടിക്കുറച്ചെന്നും സജിദ് കൂട്ടിച്ചേര്‍ത്തു.

പണിയുടെ വിതരണം ഏറ്റെടുത്തത് വലിയൊരു ടീമായിരുന്നെന്നും എന്നാല്‍ ഫിയോക് എന്ന സംഘടനായാണ് പല്ലൊട്ടി വിതരണം ചെയ്തതെന്നും സജിദ് പറഞ്ഞു. എല്ലാ റിവ്യൂവേഴ്‌സും ഗംഭീര അഭിപ്രായമാണ് പല്ലൊട്ടിക്ക് പറഞ്ഞതെന്നും എന്നിട്ടും ചിത്രത്തിന് കിട്ടിയ കളക്ഷന്‍ വളരെ കുറവായിരുന്നെന്നും സജിദ് കൂട്ടിച്ചേര്‍ത്തു. സെല്ലുല്ലോയ്ഡ് മാഗസിനോട് സംസാരിക്കുകയായിരുന്നു സജിദ് യഹിയ.

‘എല്ലാവരും നല്ല റിവ്യൂ പറഞ്ഞിട്ടും പല്ലൊട്ടി 90സ് കിഡ്‌സ് എന്ന സിനിമ തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കിയില്ല. അതുമാത്രമല്ല, ഞാന്‍ സംവിധാനം ചെയ്ത ഖല്‍ബ് എന്ന സിനിമ ഈ വര്‍ഷം ആദ്യം റിലീസ് ചെയ്തിരുന്നു. അഞ്ച് അന്യഭാഷാ സിനിമകളായിരുന്നു ഖല്‍ബിനൊപ്പം റിലീസ് ചെയ്തത്. ശിവകാര്‍ത്തികേയന്റെ അയലാന്‍, ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍, വിജയ് സേതുപതിയുടെ മെരി ക്രിസ്മസ്, ഹനുമാന്‍ എന്ന തെലുങ്ക് സിനിമ, പിന്നെയൊരു ഹോളിവുഡ് സിനിമ. ഇത്രയും സിനിമകള്‍ക്കിടയില്‍ ആരും ഖല്‍ബിനെ ശ്രദ്ധിച്ചില്ല.

പല്ലൊട്ടിക്കും ഏതാണ്ട് അതേ അവസ്ഥയായിരുന്നു. പണിയുടെ കൂടെയാണ് പല്ലൊട്ടി റിലീസ് ചെയ്തത്. ആദ്യത്തെ ദിവസമൊന്നും പടം കാണാന്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. മൗത്ത് പബ്ലിസിറ്റി വഴി പതിയേയാണ് ആ സിനിമ ആളുകളിലേക്കെത്തിയത്. പക്ഷേ ഒന്ന് ട്രാക്കിലായി വന്നപ്പോഴേക്ക് ദീപാവലി റിലീസുകള്‍ തിയേറ്ററുകളിലെത്തി. ദുല്‍ഖറിന്റെ ലക്കി ഭാസ്‌കറും ശിവകാര്‍ത്തികേയന്റെ അമരനുമായിരുന്നു ദീപാവലി റിലീസ്.

അപ്പോള്‍ സ്വാഭാവികമായും പഴയ സിനിമകളുടെ ഷോയുടെ എണ്ണം കുറക്കും. പണി വിതരണത്തിനെടുത്തത് വലിയൊരു ടീമായിരുന്നു. ഞങ്ങളുടെ പടം വിതരണം ചെയ്തത് ഫിയോക്കും. സ്വാഭാവികമായും പല്ലൊട്ടിയുടെ ഷോയുടെ എണ്ണം വീണ്ടും കുറച്ചു. എല്ലാ റിവ്യൂവേഴ്‌സും ഗംഭീര അഭിപ്രായമാണ് പല്ലൊട്ടിക്ക് പറഞ്ഞത്. എന്നിട്ടും അതിന് കിട്ടിയ കളക്ഷന്‍ വളരെ കുറവാണ്,’ സജിദ് യഹിയ പറഞ്ഞു.

Content Highlight: Sajid Yahiya about the box office failure of Pallotty 90’s Kids

We use cookies to give you the best possible experience. Learn more