| Friday, 29th December 2017, 12:00 pm

'ജയസൂര്യ ഒരു ഭീകരജീവിയാണ്'; ആട് 2 വിനും ജയസൂര്യയ്ക്കും അഭിനന്ദനവുമായി സംവിധായകന്‍ സാജിദ് യഹിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ജയസൂര്യയുടെ ആട് 2 വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ ചിത്രത്തിനും ജയസൂര്യയ്ക്കും അഭിനന്ദനവുമായി സംവിധായകനും നടനുമായി സാജിദ് യഹിയ. കഥാപാത്രത്തെ അര്‍പ്പണ മനോഭാവത്തോടെ നൂറു ശതമാനം സത്യസന്ധതയോടെ ചെയ്യാന്‍ ജയസൂര്യ കാട്ടിയ മനസ്സാണ് വിജയത്തിന് കാരണമെന്നും അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നുവെന്നും സാജിദ് പറയുന്നു.

മലയാള സിനിമയില്‍ മനുഷ്യജീവിതത്തിന്റെ സമസ്ത ഭാവങ്ങളും, വികാരങ്ങളും പ്രതിഫലിക്കുന്ന മുഖം ജയസൂര്യയുടെത് മാത്രമായിരിക്കുമെന്നും സാജിദ് യഹിയ പറയുന്നു.

“ഷാജി പാപ്പന്‍ വെള്ളിത്തിരയില്‍ പ്രേക്ഷക ലക്ഷങ്ങളുടെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുമ്പോള്‍, ഞാന്‍ കയ്യടിച്ചുപോകുന്നത് യഥാര്‍ത്ഥ ജീവിതത്തെ തന്റെ അര്‍പ്പണ ബോധം ഒന്ന് കൊണ്ട് മാത്രം ഒരു മാസ്സ് സിനിമയാക്കി മാറ്റിയ ജയേട്ടനെ ഓര്‍ത്താണ്. എളുപ്പവഴികളുടെ സഞ്ചാരപഥങ്ങള്‍ മുന്നില്‍ തുറന്നു കിട്ടാത്ത ഒരു ഭാഗ്യവാന്‍!”

ഇമ്മിണി നല്ലൊരാളില്‍ നിന്നും ട്രിവാന്‍ഡ്രം ലോഡ്ജിലെ അബുവിലേക്കുള്ള ദൂരം അളക്കലായിരിക്കും നാളെ അഭിനയത്തെപറ്റി ചിന്തിക്കുന്ന ഒരാളുടെ പാഠപുസ്തകത്തിലെ ഒരേടെന്നും അദ്ദേഹം പറയുന്നു.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2 ജയസൂര്യയുടെ ക്രിസ്മസ് റിലീസായാണെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജയസൂര്യ, ഒരു ഭീകരജീവിയാണ്!

അങ്ങനെ ഷാജി പാപ്പന് മലയാളക്കരയും, ബോക്‌സ് ഓഫീസും ഒരുമിച്ച് ഒരു ഒന്നൊന്നര സലാം വെച്ചിരിക്കുകയാണ്, ഇവിടെ ഷാജി പാപന്‍ വെള്ളിത്തിരയില്‍ പ്രേക്ഷകലക്ഷങ്ങളുടെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുമ്പോള്‍, ഞാന്‍ കയ്യടിച്ചുപോകുന്നത് യഥാര്‍ത്ഥ ജീവിതത്തെ തന്റെ അര്‍പ്പണ ബോധം ഒന്ന് കൊണ്ട് മാത്രം ഒരു മാസ്സ് സിനിമയാക്കി മാറ്റിയ ജയേട്ടനെ ഓര്‍ത്താണ് , എളുപ്പവഴികളുടെ സഞ്ചാരപഥങ്ങള്‍ മുന്നില്‍ തുറന്നു കിട്ടാത്ത ഒരു ഭാഗ്യവാന്‍!
പൗലോ കൊയെലോയുടെ ആട്ടിടയന്‍ കണ്ട സ്വപ്നത്തിന്റെ അതെ തീക്ഷണത ഉണ്ടായിരിക്കണം ജയേട്ടന്‍ കണ്ട തന്റെ സിനിമാറ്റിക് സ്വപ്നത്തിനും, അതിനായി അദേഹം സ്വയം ഒരു വഴി വെട്ടി..ഒറ്റക്ക് ഒരു വഴി..കയ്യില്‍ ഉള്ള പിക്കാസും, കോലും കൊടച്ചക്രവും ഒക്കെ ഒരുമിച്ചും ഒറ്റക്കും പരീക്ഷിച്ച് , ക്ഷീണിച്ച്, കിതച്ച് , തപ്പി തടഞ്ഞു അവസാനം ക്ലേചുപിടിച്ച് ഷാജി പാപനോളം വളര്‍ന്ന ജയേട്ടനോട് ഒരു വല്ലാത്ത ബഹുമാനം തോന്നി ആട് 2 കണ്ടിറങ്ങിയപ്പോള്‍..
ഇന്ന് മലയാള സിനിമയില്‍ മനുഷ്യ ജീവിതത്തിന്റെ സമസ്തംഭാവങ്ങളും, വികാരങ്ങളും പ്രതിഫലിക്കുന്ന ഒരു മുഖം ഉണ്ടെങ്കില്‍ അത് ഇദ്ദേഹത്തിന്റെ മാത്രമായിരിക്കും…അതിന് കാരണം വ്യക്തി എന്ന നിലയില്‍ ഉള്ള തന്റെ identity നോക്കാതെ,അഭിനയാമികവിന്റെ പടവുകള്‍ കയറാന്‍ തന്നെ പ്രാപ്തനാക്കുന്ന കഥാപാത്രങ്ങളെ നൂര്‍ ശതമാനം സത്യസന്ധതയോടെ ചെയ്യാന്‍ അദ്ദേഹം കാട്ടിയ മനസൊന്ന് കൊണ്ട് മാത്രമാണ്…
അതിന് തന്നെ പ്രാപ്തനാക്കാന്‍ അദ്ദേഹം കാണിച്ച ക്ഷമയാണ് മറ്റൊരു കൗതുകം …ഇമ്മിണി നല്ലൊരാളില്‍ നിന്നും ട്രിവാന്‍ഡറും ലോഡ്ജിലെ അബുവിലേക്കുള്ള ദൂരം അളക്കല്‍ തന്നെ ആവണം നാളെ അഭിനയത്തെ പറ്റി ചിന്തിക്കുന്ന ഒരാളുടെ പാഠപുസ്തകത്തിലെ ഒരേട് .. ക്ഷമയുടെ, അര്‍പ്പണബോധത്തിന്റെ വലിയ മുന്നേറ്റങ്ങള്‍ നിങ്ങള്‍ക്ക് അവിടെ നിന്നും കണ്ടെടുക്കാന്‍ സാധിക്കും!

മുമ്പേ പറഞ്ഞ പൗലോ കൊയെലോയുടെ പ്രശസ്തമായ ആ വാചകത്തെ വീണ്ടും വീണ്ടും എന്നെ തന്റെ ജീവിതത്തിലൂടെ ഓര്‍മപെടുത്തുതിക്കൊണ്ടിരിക്കുന്ന ജയേട്ടനോടുള്ള ഒരു നന്ദി പറച്ചില്‍ കൂടി ആണീ കുറിപ്പ് ..”എന്തെങ്കിലും നേടിയെടുക്കണം എന്ന് ഒരാള്‍ പൂര്‍ണ്ണമനസ്സോടെ ആഗ്രഹിച്ചാല്‍, അത് നേടിയെടുക്കുന്നതിന് ഈ ലോകം മുഴുവന്‍ നിങ്ങളുടെ കൂടെ ഉണ്ടാവും എന്ന് ” ജയേട്ടന്റെ കൂടെ ഇപ്പൊ ഈ നിമിഷം മലയാളക്കര മുഴുവന്‍ ഉണ്ട്, ആട് നിറഞ്ഞോടുന്ന സിനിമ കൊട്ടകകള്‍ സാക്ഷി..Motivation at its peak!

അങ്ങനെ കണ്ട് കണ്ട് നമ്മളുടെ ഒക്കെ കണ്ണിലൂടെ വളര്‍ന്നു വലുതായ ജയേട്ടന്‍ എന്റെ ഉള്ളില്‍ ഇപ്പോള്‍ ശെരിക്കും ഒരു ഭീകര ജീവി തന്നെയാണ് ..ഒരു സിംഹം!

We use cookies to give you the best possible experience. Learn more