ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സ്വന്തമാക്കി പാകിസ്ഥാന്‍. അവസാന ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. ഇതോടെ 2-1 ന് പരമ്പര സ്വന്തമാക്കാനും പാകിസ്ഥാന് സാധിച്ചിരിക്കുകയാണ്.
അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ടോസ് നേടിയ ഇംഗ്ലണ്ട് റാവല്‍പിണ്ടിയില്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 267 റണ്‍സിന് ആതിഥേയര്‍ ഇംഗ്ലണ്ടിനെ തകര്‍ക്കുകയായിരുന്നു. ശേഷം 344 റണ്‍സ് നേടി പാകിസ്ഥാന്‍ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചു.
രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ത്രീ ലയണ്‍സിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പാകിസ്ഥാന്‍ ബൗളര്‍മാര്‍ മുന്നോട്ട് കുതിച്ചത്. സ്പിന്‍ ആക്രമണത്തില്‍ 112 റണ്‍സിനാണ് ലയണ്‍സിനെ മെന്‍ ഇന്‍ ഗ്രീന്‍ ഓള്‍ ഔട്ട് ആക്കിയത്. തുടര്‍ ബാറ്റിങ്ങില്‍ 36 റണ്‍സ് വിജയലക്ഷ്യത്തിന് ഇറങ്ങിയ പാകിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് നേടി ലക്ഷ്യം മറികടക്കുകയായിരുന്നു.
തകര്‍ച്ചയില്‍ നിന്നും പാകിസ്ഥാനെ കൈപിടിച്ചുയര്‍ത്തിയത് സാജിദ് ഖാന്‍, നൊമാന്‍ അലി എന്നിവരുടെ നിര്‍ണായ പ്രകടനമാണ്. റാവല്‍പിണ്ടിയില്‍ നൊമാന്‍ 9 വിക്കറ്റുകള്‍ നേടിയപ്പോള്‍ സാജിദ് 10 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. റാവല്‍പിണ്ടിയിലെ ടെസ്റ്റില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കുന്ന മൂന്നാമത്തെ താരമാകാനാണ് താരത്തിന് സാധിച്ചത്.