അച്ഛനെ ഡാന്‍സ് പഠിപ്പിക്കാന്‍ വന്നപ്പോള്‍ തുടങ്ങിയ സൗഹൃദം, ഇന്നും ആ നടന് അച്ഛനോട് ബഹുമാനമേയുള്ളൂ: സജി സോമശേഖര്‍
Entertainment
അച്ഛനെ ഡാന്‍സ് പഠിപ്പിക്കാന്‍ വന്നപ്പോള്‍ തുടങ്ങിയ സൗഹൃദം, ഇന്നും ആ നടന് അച്ഛനോട് ബഹുമാനമേയുള്ളൂ: സജി സോമശേഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th October 2024, 1:07 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ എം.ജി. സോമന്റെ മകനാണ് സജി സോമശേഖര്‍. തിളക്കത്തിലൂടെ അഭിനയത്തിലേക്ക് കടന്ന സജി പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 2023ല്‍ റിലീസ് ചെയ്ത ഓ ബേബിയിലും മികച്ച വേഷം സജിയെ തേടിയെത്തി. എം.ജി. സോമനും തമിഴ് നടന്‍ കമല്‍ ഹാസനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് സജി. ഡാന്‍സ് അസിസ്റ്റന്റായി കമല്‍ സിനിമയില്‍ നില്‍ക്കുന്ന കാലത്താണ് ആദ്യമായി സോമനെ പരിചയപ്പെടുന്നതെന്ന് സജി പറഞ്ഞു.

അന്ന് തുടങ്ങിയ സൗഹൃദമാണ് കമല്‍ ഹാസനുമായിട്ടുള്ളതെന്നും തന്റെ കുട്ടിക്കാലത്ത് ഒരുപാട് തവണ കമല്‍ ആലപ്പുഴയിലുള്ള തങ്ങളുടെ വീട്ടില്‍ വന്നിട്ടുണ്ടെന്നും സജി കൂട്ടിച്ചേര്‍ത്തു. അച്ഛന്റെ മരണശേഷവും അദ്ദേഹത്തോടുള്ള ബഹുമാനം കമലിന് കുറഞ്ഞിട്ടില്ലെന്നും 25ാം ചരമവാര്‍ഷികത്തിന്റെ മുഖ്യാതിഥി കമല്‍ ഹാസനായിരുന്നെന്നും സജി പറഞ്ഞു.

അച്ഛന്‍ ആശുപത്രി കിടക്കയിലായിരുന്നപ്പോള്‍ കമല്‍ ഹാസന്‍ വിളിച്ച് അസുഖത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചെന്നും താന്‍ എല്ലാ വിവരങ്ങളും ഫാക്‌സ് ചെയ്ത് കൊടുത്തെന്നും സജി കൂട്ടിച്ചേര്‍ത്തു. പിന്നീട് ആശുപത്രിയിലേക്ക് കമല്‍ ഹാസന്‍ വിളിച്ച് ചെന്നൈയിലേക്ക് മാറ്റിയാല്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് ചോദിച്ചെന്നും എന്നാല്‍ വളരെ ക്രിട്ടിക്കലായതുകൊണ്ട് ഡോക്ടര്‍മാര്‍ പോലും ആ ആവശ്യം നിരസിച്ചെന്നും സജി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സജി.

‘പപ്പയെ ഡാന്‍സ് പഠിപ്പിക്കാന്‍ വന്നയാളാണ് കമല്‍ ഹാസന്‍. അന്ന് തുടങ്ങിയ ബന്ധമാണ് അവരുടേത്. പപ്പ പോയതിന് ശേഷവും അദ്ദേഹത്തോടുള്ള ബഹുമാനം കമല്‍ സാര്‍ പുലര്‍ത്തിയിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത് കമല്‍ സാര്‍ ഒരുപാട് തവണ ഞങ്ങളുടെ വീട്ടില്‍ വന്നിട്ടുണ്ട്. എറണാകുളത്ത് വരുമ്പോഴൊക്കെ ആലപ്പുഴയിലുള്ള വീട്ടിലേക്ക് കമല്‍ സാര്‍ വരുമായിരുന്നു.

പപ്പ ഹോസ്പിറ്റലൈസ്ഡ് ആയി കിടക്കുന്ന സമയത്ത് എന്നെ വിളിച്ച് വിവരങ്ങള്‍ തിരക്കിയിട്ടുണ്ടായിരുന്നു. എല്ലാം ഫാക്‌സ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അയച്ചുകൊടുത്തിരുന്നു. അതെല്ലാം വായിച്ചിട്ട് പുള്ളി ഹോസ്പിറ്റലിലേക്ക് വിളിച്ചിട്ട് ‘ചെന്നൈയിലേക്ക് എത്തിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ’ എന്നൊക്കെ ചോദിച്ചിരുന്നു. പക്ഷേ അപ്പോഴേക്ക് പപ്പയുടെ കണ്ടീഷന്‍ വല്ലാതെ ക്രിട്ടിക്കലായിരുന്നു. പപ്പ മരിച്ചതിന് ശേഷവും അദ്ദേഹം ആ ബന്ധം നല്ല രീതിയില്‍ കാത്തുസൂക്ഷിച്ചു. 25ാം ചരമവാര്‍ഷികത്തിനൊക്കെ കമല്‍ സാര്‍ വന്നിട്ടുണ്ടായിരുന്നു,’ സജി പറഞ്ഞു.

Content Highlight: Saji Soman shares the friendship of MG Soman and Kamal Haasan