| Monday, 1st August 2022, 12:02 pm

ശ്രീറാം വെങ്കിട്ടരാമന്‍ പത്രോസല്ല; കുറ്റബോധമില്ലാത്ത, പ്രായശ്ചിത്തം ചെയ്യാന്‍ മനസ്സില്ലാത്ത ആളാണ്

സജി മാര്‍ക്കോസ്‌

(ഇത് ഒരല്‍പം സുവിശേഷ മോഡിലായിരിക്കും എന്ന് മുന്നറിയിപ്പ് – ബോധ്യപ്പെടുന്നില്ലെങ്കില്‍ വേറൊരു കാഴ്ചപ്പാടെന്ന നിലയില്‍ മാത്രം എടുക്കുക- തെറിവിളി നിഷിധം)

നോര്‍വേയിലെ കറക്ഷന്‍ സെന്ററുകളില്‍ (അവിടെ ജയില്‍ എന്ന് പറയാറില്ല) ഒരു സംവിധാനം ഉണ്ട്. കുറ്റം തെളിഞ്ഞ് ശിക്ഷിക്കപ്പെടുന്ന കുറ്റവാളിക്ക് ഇരയോട് (ഇര സര്‍വൈവ് ചെയ്തിട്ടില്ലെങ്കില്‍ അവരുടെ അനന്തരാവകാശികളോട്) സംസാരിക്കാന്‍ ശിക്ഷാകാലത്ത് അവസരമൊരുക്കും. സ്വാഭാവികമായും വിചാരണ നടക്കുമ്പോള്‍ അത് പറ്റില്ല, ഇരയുടെ മാനസികാവസ്ഥ പരിഗണിക്കണമല്ലോ.

ആദ്യം കുറ്റവാളിയുടെ വോയിസ് ക്ലിപ്പ് കേള്‍പ്പിക്കും. അയാള്‍ക്ക് പറയാനുള്ളത്, പറ്റിപ്പോയ അബദ്ധം, ഇല്ലെങ്കില്‍ കുറ്റം ചെയ്യുന്ന സമയത്തെ തെറ്റായ ചിന്തകള്‍ ഇതൊക്കെ ചെറിയ ക്ലിപ്പുകളായി കേള്‍പ്പിക്കും. ക്രമേണ ഇരുവരുടെയും ഇടയിലെ മഞ്ഞുരുകും. കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ലല്ലോ.

ഒരു സമയത്ത് നേരില്‍ കാണാവുന്ന മാനസികാവസ്ഥയില്‍ എത്തിയാല്‍ ഇരയെയും കുറ്റം ചെയ്ത ആളെയും തമ്മില്‍ കാണാന്‍ അവസരമൊരുക്കും.

പ്രിയങ്ക ഗാന്ധി രാജീവിന്റെ കൊലപാതകക്കേസിലെ കുറ്റവാളി നളിനിയെ കാണാന്‍ ജയിലില്‍ പോയ കാര്യം ഓര്‍ക്കുന്നുണ്ടാവും. ഹൃദയ ഭേദകമായിരിക്കും ആ കൂടിക്കാഴ്ച. രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ നളിനിക്ക് 24 വയസ്സ്, പ്രിയങ്കയ്ക്ക് 19 വയസ്സ്- അവര്‍ തമ്മില്‍ കൂടിക്കാണുമ്പോള്‍ പ്രിയങ്കക്ക് ഏതാണ്ട് ഇരട്ടി പ്രായം. അവര്‍ എന്താകും പറഞ്ഞിട്ടുണ്ടാവുക? (മനുഷ്യസ്‌നേഹം എല്ലാക്കാലത്തും കരയിക്കുന്നതാണ്- ബാബു ഭരദ്വാജ്).

നോര്‍വേയില്‍ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയിട്ട്, ശിഷ്ടകാലം ഇരയുടെ കുടുംബത്തിന്റെ സംരക്ഷരായി ജീവിതം നടത്തിയവരുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. നോര്‍വേയില്‍ സ്ഥിരം കുറ്റവാളികള്‍ ഇല്ലെന്ന് തന്നെ പറയാം. പുതിയ മനുഷ്യനാക്കുന്ന പരിപാടിയാണ് കറക്ഷന്‍ സെന്ററുകള്‍ (Correction Centre). ഒരാള്‍ ശിക്ഷിക്കപ്പെട്ടാല്‍ നട തള്ളുകയല്ല, മറിച്ച് കറക്ഷന്‍ സെന്റര്‍ അധികൃതരും സാമൂഹിക വകുപ്പും മനശാസ്ത്ര വിദഗ്ധരും നിയമസംവിധാനവും ചേര്‍ന്ന് കുറ്റവാളിയെ സമൂഹത്തില്‍ തിരികെകൊണ്ടുവരാനുള്ള ഒരു പദ്ധതി തുടങ്ങുകയാണ്.

കറക്ഷന്‍ സെന്ററില്‍ യോജ്യമായ ഒരു തൊഴില്‍ പഠിപ്പിക്കും, ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കും. അയാളില്‍ നടക്കുന്ന മാറ്റം നിരന്തരം ശാസ്ത്രീയമായി നിരീക്ഷിക്കും. കുറ്റവാളിക്ക് റീഫോര്‍മേഷന്‍ നടന്നില്ലെങ്കില്‍ പിന്നെയും ശിക്ഷ ദീര്‍ഘിപ്പിക്കും.

ഒരു മനുഷ്യന്‍ ഏറ്റവും ദുര്‍ബലനാകുന്നത് രോഗവും കടവും ഉണ്ടാകുമ്പോഴാണെന്ന് പറയാറുണ്ട്. സത്യത്തില്‍ അല്ല, തെറ്റുകാരനായി പിടിക്കപ്പെടുമ്പോളാണ്. അപ്പോള്‍ കൂടെ നില്‍ക്കണം. എങ്ങനെയും ശിക്ഷ ഒഴിവാക്കാനല്ല. കുറ്റത്തിന് പ്രായശ്ചിത്തം ചെയ്‌തേ പറ്റൂ, പക്ഷെ അപ്പോഴും വീണുപോകുന്ന മനുഷ്യന്റെ കൂടെ നില്‍ക്കണം.

ശ്രീറാം വെങ്കിട്ടരാമന്‍ കരുതിക്കൂട്ടി ബഷീറിനെ വകവരുത്തി എന്ന് കരുതുന്നില്ല (ബഷീറിന്റെ മൊബൈല്‍ കിട്ടിയാലേ തീര്‍പ്പ് പറയാനാകൂ- അതിനി കിട്ടാനും പോകുന്നില്ല).

തെറ്റുപറ്റി, രക്ഷപ്പെടാനുള്ള എല്ലാ മോശം വഴികളും ശ്രീറാം ചെയ്തു (ഞാനാണെങ്കിലും അതൊക്കെ ആയിരിക്കും ചെയ്യുന്നത്- ആര് ചെയ്താലും അതൊന്നും ശരിയല്ല താനും).

അദ്ദേഹം പൂര്‍ണ സുരക്ഷിതനായി, പിന്നീട് എന്ത് ചെയ്തു എന്ന ചോദ്യമാണ് എനിക്ക് പ്രസക്തമായി തോന്നുന്നത്.

ഒരു സാധാരണക്കാരന്റെ കുടുംബമാണ് നിരാലംബമായത്. നേരിട്ട് പോകാന്‍ പറ്റില്ല, കേസിന്റെ വിചാരണ നടക്കുന്നതേയുള്ളൂ. വക്കീല്‍ മുഖാന്തരം അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചോ? തെറ്റ് പറ്റിപ്പോയി എന്ന് പറയാന്‍ ശ്രമിച്ചോ?

കെ.എം. ബഷീര്‍

ഒരു സ്വയം ശിക്ഷ എന്ന നിലയില്‍ വീണ്ടും അധികാരം വഹിക്കുന്ന ഒരു സ്ഥാനത്ത് ഇരിക്കില്ല എന്ന് തീരുമാനിച്ചോ? കളക്ടര്‍ സ്ഥാനം ലഭിച്ചപ്പോള്‍ വേണ്ടെന്ന് വെച്ചോ?

(സര്‍ക്കാര്‍ ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാനില്ല- നിയമവശം അറിയില്ല, പക്ഷെ സര്‍ക്കാരിന് അദ്ദേഹത്തെ കളക്ടറായി നിയമിക്കേണ്ട ഒരു അടിയന്തരവുമില്ല എന്നാണ് മനസിലാകുന്നത്).

കരിക്കന്‍ വില്ല കൊലക്കേസിലെ പ്രതി ഇന്ന് ആദരണീയനായാണ് ജീവിക്കുന്നത്, അദ്ദേഹം ഒരു റീഫോമ്ഡ് വ്യക്തി ആയതുകൊണ്ടാണ്. (ഈ രണ്ടു കുറ്റകൃത്യങ്ങള്‍ തമ്മില്‍ താരതമ്യമില്ല എങ്കിലും).

ശ്രീറാം വെങ്കിട്ടരാമന്‍ അപകടകാരിയായ, കുറ്റബോധമില്ലാത്ത ഒരു മോശം മനുഷ്യനാണ്. അദ്ദേഹം എല്ലാ അധികാര സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടേണ്ടതാണ്.

ശ്രീറാം വെങ്കിട്ടരാമന്‍

(ഇനി ഒരു പടികൂടി കടന്ന സുവിശേഷം- പഴയ ജീവിതത്തിന്റെ ഹാങ് ഓവറായി കൂട്ടിയാല്‍ മതി)

യൂദാസ് ചെയ്ത തെറ്റും പത്രോസ് ചെയ്ത തെറ്റും വലിയ വ്യത്യസമൊന്നുമില്ല. ഒരു രാത്രിയില്‍ രണ്ട് പേരും കുറ്റം ചെയ്തു. ഒരാള്‍ എനിക്ക് ഗുരുവിനെ അറിയാം എന്നുപറഞ്ഞ് കാണിച്ചുകൊടുത്തു. മറ്റെയാള്‍ വിചാരണ നടക്കുന്നയിടത്ത് ‘ഇയാളെ എനിക്ക് അറിയില്ലെ’ന്ന് മൂന്നുപ്രാവശ്യം പറഞ്ഞു. ക്രിസ്തു കൊല്ലപ്പെട്ടു.

ഞായറാഴ്ച രാവിലെ മേരി വന്നപ്പോള്‍ കല്ലറയില്‍ മൃതദേഹം ഇല്ല. ക്രിസ്തു ഒരു ദൂതനെ അവിടെ പോസ്റ്റ് ചെയ്തിരുന്നു, അയാള്‍ മേരിയോട് പറഞ്ഞു, ‘അവന്‍ ഉയര്‍ത്തെഴുന്നേറ്റു ഗലീലയ്ക്ക് പോയിരിക്കുന്നു, നീ ചെന്ന് ശിഷ്യന്മാരോടും പത്രോസിനോടും പറയുവിന്‍’- ബൈബിളിലെ ഏറ്റവും മനോഹരമായ രംഗമാണിത്.

ഞാനാണെങ്കില്‍ പറയും ‘ഉയര്‍ത്തെഴുന്നേറ്റു എന്ന് ശിഷ്യന്മാരോട് പറയുവിന്‍, ആ ചതിയന്‍ പത്രോസിനോട് പറയണ്ട, ഒറ്റയ്ക്ക് ഞാന്‍ കോടതിയില്‍ നിന്നപ്പോള്‍ എന്നെ അറിയില്ലെന്ന് പറഞ്ഞവനാണവന്‍’.

പിന്നെ ലോകം കണ്ട ഏറ്റവും വലിയ ക്രിസ്ത്യാനിയായി മാറി പത്രോസ്. എന്തായിരുന്നു യൂദാസും പത്രോസും തമ്മിലുള്ള വ്യത്യാസം?

മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ ശേഷം ജീസസ് തിരിഞ്ഞ് പത്രോസിനെ നോക്കി. അവന്‍ അതീവ ദുഖത്തോടെ കരഞ്ഞു എന്നാണ് ബൈബിളില്‍ പറയുന്നത്. (ഈ രംഗം Passion of Christ എന്ന സിനിമയില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്). ഇതൊക്കെ കഥകളാണ്, കാര്യവുമുണ്ട്.

തെറ്റുപറ്റുന്ന മനുഷ്യരുടെ കൂടെ നില്‍ക്കാന്‍ പറ്റണം. ശിക്ഷ ഇളവ് ചെയ്ത് കൊടുക്കാനല്ല, പ്രിവിലേജ് ഉപയോഗിച്ച് വീണ്ടും അധികാര സ്ഥാനത്തേക്ക് അള്ളിപ്പിടിച്ച് കയറാന്‍ ഏണി വെച്ച് കൊടുക്കാനുമല്ല. മറിച്ച് മറ്റൊരു മനുഷ്യനായി മാറാനുള്ള അവസരം നിഷേധിക്കപ്പെടാതിരിക്കാന്‍.

പക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇതില്‍ പെടില്ല. അദ്ദേഹം പത്രോസല്ല, പിന്നെ ആരാണെന്ന് പറയുന്നില്ല. കുറ്റബോധമില്ലാത്ത, പ്രായശ്ചിത്തം ചെയ്യാന്‍ മനസ്സില്ലാത്ത ആളാണ്.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന നിനിമയില്‍ ഒരു മനോഹര രംഗമുണ്ട്- തേപ്പുകടക്കാരന്‍ തമിഴന്‍ മരിച്ചുകഴിഞ്ഞ് സൗബിന്റെ കഥാപാത്രം അയാളുടെ ഭാര്യയുടെ കാലില്‍ വീഴുന്ന ഒരു സീന്‍.

മിസ്റ്റര്‍ ശ്രീറാം വെങ്കിട്ടരാമന്‍, ബഷീറിന്റെ ഭാര്യ അത് അര്‍ഹിക്കുന്നുണ്ട്. അത് ചെയ്യാത്തിടത്തോളം കാലം നിങ്ങള്‍ മനുഷ്യനല്ല. അങ്ങനെ ഒരു രംഗമുണ്ടായാല്‍ അവര്‍ ഒന്നും ആവശ്യപ്പെടാന്‍ വഴിയില്ല, അവരുടെ ജീവിതം സ്റ്റേറ്റ് സെക്യുര്‍ ചെയ്തിട്ടുണ്ട്. അതിന് ഞങ്ങള്‍ നികുതിയും കൊടുക്കുന്നുണ്ട്. അത് ചെയ്യാത്ത നിങ്ങടെ ‘മയിസ്രേട്ട് പദവി’ ഞങ്ങള്‍ക്ക് മലരാണ്.

Content Highlight: Saji Markose write up on the appointment of Sriram Venkitaraman, who is not regretful of the crime committed, as Alappuzha district collector

സജി മാര്‍ക്കോസ്‌

We use cookies to give you the best possible experience. Learn more