History of Jingle Bell
ക്രിസ്തുമസ്‌കാലത്ത് ഏതാണ് എല്ലാ രാജ്യങ്ങളിലും പാടുന്ന ജിംഗിള്‍ ബെല്‍ എന്ന പാട്ടിന് ക്രിസ്തുവുമായോ ക്രിസ്തുമസുമായോ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ക്രിസ്തുമസ് എന്ന വാക്കുപോലും ആ പാട്ടിലെങ്ങുമില്ല.
അമേരിക്കയിലെ പൊതു അവധി ദിവസമായ താങ്ക്‌സ് ഗിവിങ് ( നവംബറിലെ നാലാമത്തെ വ്യാഴാഴ്ച) ഡേ ആഘോഷത്തിന് വേണ്ടി ജെയിംസ് പിയര്‍ പോണ്ട് എന്ന സുവിശേഷകന്‍ 1850ല്‍ എഴുതിയ ആ പാട്ടിന്റെ തലക്കെട്ട്, The One Horse Open Sleigh എന്നായിരുന്നു.
പിയര്‍പോണ്ട് ക്രിസ്തുവിന്റെ ദൈവത്വത്തില്‍ വിശ്വസിക്കാത്ത യൂണിറ്ററിയസത്തില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു. ക്രിസ്തു ദൈവമായിരുന്നു എന്ന് വിശ്വസിക്കുന്ന ത്രിത്വ സിദ്ധാന്തം (Trinitarian theology) തെറ്റാണെന്ന് കരുതുന്നവരാണ് Unitarians. അതേസമയം ക്രിസ്തുവിനെ ധാര്‍മ്മിക മൂല്യങ്ങള്‍ പഠിപ്പിക്കുന്ന ഒരു നേതാവായി അവര്‍ കാണുന്നു. അതായത് ദൈവ പുത്രന്‍ പിറന്നു എന്ന് ഉദ്‌ഘോഷിക്കുന്ന ക്രിസ്തുമസിന്റെ അടിസ്ഥാന ആശയത്തില്‍ വിയോജിപ്പുള്ള ആളായിരുന്നു പിയര്‍പോണ്ട്. അതുകൊണ്ട് തന്നെ മത പ്രവര്‍ത്തനങ്ങളോടൊപ്പം കറുത്തവരുടെ മോചനത്തിനു വേണ്ടി പള്ളികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയും അതിനുവേണ്ടി ഗാനങ്ങളെഴുതി സണ്ടേസ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ മസാച്യുസെറ്റ്‌സിലെ മെഡ്‌ഫോര്‍ഡില്‍ ഒറ്റക്കുതിരയെ കെട്ടിയ സ്ലഡ്ജ് വണ്ടികളുടെ ഓട്ടമത്സരം ഉണ്ടായിരുന്നു. അതിനെ ചിത്രീകരിച്ചുകൊണ്ടാണ് Dashing through the snow, In a one horse open sleigh എന്ന് തുടങ്ങുന്ന “”ക്രിസ്തുമസ്സ് ഗാനം”” എന്ന് പില്‍കാലത്ത് പേരുകേട്ട പാട്ട് എഴുതിയത്. മാത്രവുമല്ല ഈ പാട്ടിനു സാന്റാക്ലോസുമായി ഒരു ബന്ധവും ഇല്ല. കാരണം, എട്ടു റെയില്‍ ഡീറുകള്‍ വലിക്കുന്ന വണ്ടിയിലാണ് സാന്റാ അമ്മാവന്റെ യാത്ര.
പന്തളം ശശിയും കണ്ഠരര്‍ കുടുംബവും അരയന്മാരുടെ അമ്പലം സ്വന്തമാക്കിയതുപോലെ മറ്റൊരു ആഘോഷത്തിന് എഴുതിയ പാട്ട് ക്രിസ്തുമസിന്റെ ആഘോഷ ഗാനമാക്കി മാറ്റി എന്നതാണ് സത്യം.
കവി ഉദ്ദേശിച്ചതിനല്ല ഉപകരിക്കുന്നതെങ്കിലും ക്രിസ്തുമസിന്റെ പാട്ടായി മാറിയതുകൊണ്ടാണ് നൂറ്റി എഴുപതുകൊല്ലം കഴിഞ്ഞിട്ടും ആ പാട്ടു ജീവിക്കുന്നത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.