| Friday, 19th April 2024, 1:07 pm

ആശയങ്ങളോട് യോജിപ്പില്ലാത്തതിനാല്‍ ബി.ജെ.പിയിലേക്ക് ഇല്ല; പുതിയ പാര്‍ട്ടി രൂപീകരിച്ച് സജി മഞ്ഞക്കടമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് ഡെമോക്രറ്റിക് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപികരിച്ചു. കേരള രാഷ്ട്രീയ നഭസില്‍ ഉദിച്ചുയരുന്ന പുതിയ പാര്‍ട്ടിയുടെ പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്നായിരുന്നു സജിയുടെ പ്രഖ്യാപനം.

കോട്ടയത്ത് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. സജിക്ക് പിന്തുണയുമായി ബി.ഡി.ജെ.എസ് നേതാവും കോട്ടയം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളിയും പ്രഖ്യാപന ചടങ്ങിലെത്തിയിരുന്നു.

ഇന്നത്തെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസാണ് ഇവിടെ ഇരിക്കുന്നതെന്നും സജി എടുത്ത നിലപാടില്‍ അഭിമാനമുണ്ടെന്നും തുഷാര്‍ വെള്ളപ്പാള്ളി പറഞ്ഞു. റബര്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമ്മള്‍ ഒറ്റക്കെട്ടായി നിന്നാല്‍ സാധിക്കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ‘റബറിന്റെ വില 250 രൂപ ആയി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ തുഷാര്‍ വെള്ളാപ്പള്ളിക്കാണ് ഞങ്ങളുടെ പിന്തുണ. സുസ്ഥിര കേന്ദ്രം സമൃദ്ധ കേരളം എന്ന കെ.എം. മാണി സാറിന്റെ നയം ഞങ്ങള്‍ പിന്തുടരും. ബി.ജെ.പിയുടെ മുഴുവന്‍ ആശയങ്ങളോടും യോജിപ്പില്ലാത്തതുകൊണ്ടാണ് ബി.ജെ.പിയില്‍ ചേരാത്തത്,’ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

ഏപ്രില്‍ മാസം ആദ്യമാണ് സജി മഞ്ഞക്കടമ്പില്‍ കോട്ടയം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവെച്ചത്.

കേരള കോണ്‍ഗ്രസിലെ മോന്‍സ് ജോസഫിന്റെ ഏകാധിപത്യം കാരണമാണ് താന്‍ രാജി വെക്കുന്നതെന്നായിരുന്നു സജി മഞ്ഞക്കടമ്പിലിന്റെ പ്രതികരണം. ജില്ലാ പ്രസിഡന്റ് സ്ഥാനം വളരെ നല്ല രീതിക്ക് കൈകാര്യം ചെയ്തിട്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തന്നെ മനഃപൂര്‍വം മാറ്റിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Content Highlight: Saji formed a new party called Kerala Congress Democratic in Manjakadambil

We use cookies to give you the best possible experience. Learn more