Advertisement
Kerala News
കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സംഘപരിവാര്‍ അജണ്ട; ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് സജി ചെറിയാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 28, 12:54 pm
Friday, 28th April 2023, 6:24 pm

തിരുവനന്തപുരം: ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങളുടെ പേരില്‍ വിവാദമായ ഹിന്ദി ചിത്രം ദി കേരള സ്റ്റോറി ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുകയെന്ന സംഘപരിവാര്‍ ഗൂഢാലോചനയാണ് ചിത്രത്തിന് പിന്നിലെന്നും സംസ്ഥാനത്തെ കലാപ ഭൂമിയാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്ത ഏക സംസ്ഥാനം കേരളമാണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേരളത്തിലെ ഇന്നുള്ള സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ സിനിമയാണ് കേരള സ്റ്റോറി. കേരളത്തിന്റെ മതനിരപേക്ഷ മനസുള്ള മുഴുവന്‍ ആളുകളും ഈ സിനിമ ബഹിഷ്‌കരിക്കണം. ചിത്രത്തിനെതിരെ നിയമ നടപടിക്കുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്,’ സജി ചെറിയാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുദിപ്തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വന്നപ്പോള്‍ തന്നെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ നിര്‍ബന്ധപൂര്‍വ്വം മതം മാറ്റി ഐ.എസില്‍ ചേര്‍ക്കാന്‍ സിറിയയിലേക്കും യെമനിലേക്കും അയച്ചെന്ന ആരോപണമാണ് ചിത്രം ഉയര്‍ത്തുന്നത്. സുപ്രീം കോടതിയടക്കം തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണത്തെയും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

നേരത്തെ ചിത്രത്തെ വിമര്‍ശിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ചിത്രമെന്നും കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Content Highlight: Saji cheriyan react on the kerala story