പ്രളയത്തില്‍ മുങ്ങിയ ചെങ്ങന്നൂര്‍; സജി ചെറിയാന്റെ അപേക്ഷ വീണ്ടും ഓര്‍മിപ്പിച്ച് 2018
Film News
പ്രളയത്തില്‍ മുങ്ങിയ ചെങ്ങന്നൂര്‍; സജി ചെറിയാന്റെ അപേക്ഷ വീണ്ടും ഓര്‍മിപ്പിച്ച് 2018
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th May 2023, 10:26 pm

ജൂഡ് ആന്തണിയുടെ സംവിധാനത്തിലെത്തിയ 2018 തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. 2018ല്‍ കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി വന്ന ചിത്രം പ്രേക്ഷകരുടെ ഹൃദയത്തില്‍ തറയ്ക്കുന്നതാണ്. അന്ന് നടന്ന പല സംഭവങ്ങളും ചിത്രത്തില്‍ ജൂഡ് നേരിട്ട് പകര്‍ത്തിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെയും യുവജനങ്ങളുടെയും രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസക്യാമ്പുകളും ഗര്‍ഭിണിയായ സ്ത്രീയുടെ എയര്‍ലിഫ്റ്റിങ്ങുമൊക്കെ ആ കൂട്ടത്തില്‍ പെടും. പ്രളയസമയത്ത് ചെങ്ങന്നൂരിനെ രക്ഷിക്കാന്‍ സഹായമാവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്‍ അന്ന് നടത്തിയ അപേക്ഷയും ജൂഡ് 2018ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2018ലെ പ്രളയത്തില്‍ ഏറ്റവുമധികം ദുരിതമനുഭവിച്ച സ്ഥലങ്ങളില്‍ ഒന്നായിരുന്നു ചെങ്ങന്നൂര്‍. പ്രളയ ജലമെത്തി റോഡുകളും പാലങ്ങളുമുള്‍പ്പെടെ തകര്‍ന്നപ്പോള്‍ സമതല പ്രദേശമായ ചെങ്ങന്നൂര്‍ ഒറ്റപ്പെട്ടിരുന്നു. ഇതേതുടര്‍ന്നായിരുന്നു സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് സജി ചെറിയാന്റെ അപേക്ഷ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ചെങ്ങന്നൂര്കാര്‍ അനുഭവിക്കുന്ന ദുരിതം പുറംലോകത്തെത്തിക്കുന്നതില്‍ അന്ന് സജി ചെറിയാന്റെ അഭ്യര്‍ത്ഥന വലിയ പങ്കുവഹിച്ചിരുന്നു.

ഈ രംഗം 2018 സിനിമയില്‍ ജൂഡ് ആവര്‍ത്തിച്ചിട്ടുണ്ട്. ജനാര്‍ദ്ദനന്‍ അവതരിപ്പിച്ച മുഖ്യമന്ത്രിയായ കഥാപാത്രം ടി.വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ കൂടിയാണ് എം.എല്‍.എ ആയ കഥാപാത്രത്തിന്റെ ശബ്ദം ടി.വിയില്‍ കൂടി കേള്‍ക്കുന്നത്. പൊതുജനങ്ങള്‍ അന്ന് മാധ്യമങ്ങളിലൂടെ കേട്ട അന്നത്തെ സജി ചെറിയാന്റെ അപേക്ഷ ഒന്നുകൂടി ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ രംഗം.

അതേസമയം പ്രളയകാലത്തെ ടൊവിനോയെ ഓര്‍മിപ്പിക്കുന്നതായിരുന്നു 2018ലെ അനൂപ് എന്ന കഥാപാത്രം. പ്രളയ സമയത്ത് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സഹായങ്ങള്‍ ചെയ്ത ടൊവിനോയെ പോലെ ചിത്രത്തിലെ അനൂപും ദുരിത മുഖത്ത് മുന്നിലുണ്ടായിരുന്നു. പ്രളയകാലത്ത് സ്റ്റാറായ ടൊവിനോ 2018ലും താരമാവുകയാണ്.

Content Highlight: saji cheriyan plea in 2018 flood and 2018 movie