ചെങ്ങന്നൂര്‍: ത്രികോണ മത്സരം പ്രതീക്ഷിച്ച ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചു. ഒന്നൊഴിയാതെ മണ്ഡലത്തില്‍ അങ്ങോളമിങ്ങോളം ഇടതുതരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി 20956 വോട്ടുകള്‍ക്കാണ് സജിചെറിയാന്‍ വിജയിച്ചത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിറുത്തിയായിരുന്നു സജി ചെറിയാന്റെ മുന്നേറ്റം. യു.ഡി.എഫിന്റെ പരമ്പരാഗത പഞ്ചായത്തുകളില്‍ പോലും സജി ചെറിയാന്‍ അനായാസം പിടിച്ചു കയറി.
തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും പിടിച്ചുനില്‍ക്കാന്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും അനുവദിക്കാതെ അതിശക്തമായ മത്സരമാണ് ഇടതുമുന്നണി കാഴ്ച വെച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 67303 വോട്ടുകളാണ് നേടാനായത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി വിജയകുമാറിന് 46347 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള 35270 വോട്ടുകളും നേടി. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞശേഷം ഒരു തവണപോലും ഇടതുമുന്നണി രണ്ടാം സ്ഥാനത്തേക്ക് പോയില്ല. വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തി വിജയത്തിലേക്ക് കുതിക്കുകയാണ് എല്‍.ഡിഎഫ്.