ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് മുന്നേറ്റത്തില്‍ സന്തോഷം പങ്കുവെച്ച് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. ഇത്രയും വലിയ ഭൂരിപക്ഷം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു കണക്കുകൂട്ടലിന് അപ്പുറം ജനങ്ങള്‍ ഒപ്പം നിന്നെന്നും സജി ചെറിയാന്‍ പറഞ്ഞു.
രാഷ്ട്രീയത്തിന് അതീതമായാണ് ഞങ്ങള്‍ വോട്ട് ചോദിച്ചത്. ഒരു രാഷ്ട്രീയവും നോക്കാതെ വരുന്ന മൂന്ന് വര്‍ഷം അവരുടെ ജനപ്രതിനിധിയായി ഞാന്‍ അവരെ സേവിക്കുമെന്ന് പറഞ്ഞു. ഞാന്‍ നല്‍കിയ ഉറപ്പില്‍ അവര്‍ എനിക്ക് വോട്ട് ചെയ്ത് വാക്കുപാലിച്ചു. ഇനി ഞാന്‍ നല്‍കിയ വാക്കും പാലിക്കും.
ഇവിടുത്തെ എല്ലാ വിഭാഗം ആളുകളോടും പ്രത്യേകം നന്ദിയുണ്ട്. ഇത് എല്ലാവരുടേയും വിജയമാണ്. ജാതിമതത്തിന് അധീതമായാണ് ജനങ്ങള്‍ പിന്തുണ നല്‍കിയത്. എനിക്ക് കോണ്‍ഗ്രസ് ബിജെ.പി അനുഭാവികള്‍ വരെ വോട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരുടേയും വിജയമാണ് ഇത്. സ്വപ്‌നം പോലും കാണാത്ത പല മണ്ഡലങ്ങൡും വലിയ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്.
ജനങ്ങള്‍ തനിക്ക് നല്‍കിയ പിന്തുണ വെറും വ്യക്തിപരമായ പിന്തുണയല്ല. പിണറായി സര്‍ക്കാരിന് നല്‍കുന്ന പിന്തുണയാണ്. ഇടതുസര്‍ക്കാരിനെ വിലയിരുത്തുന്ന നിലയിലുള്ള ഭൂരിപക്ഷമാണ് ഇത്. രാഷ്ട്രീയം മറന്ന് എല്ലാവരും ഇടതുപക്ഷത്തിനൊപ്പം അണിനിരന്നു.
ഈ മണ്ഡലത്തില്‍ കെ.കെ.ആര്‍ തുടങ്ങി വെച്ച വികസനവും അദ്ദേഹം തുടങ്ങിവെച്ച കാര്യങ്ങളും നടപ്പില്‍ വരുത്താനുമായിരിക്കും ഇനിയുള്ള എന്റെ ശ്രമം. സര്‍ക്കാരിന്റെ സഹായത്തോടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസം ഉണ്ട്.
12 വര്‍ഷക്കാലം ഞാന്‍ ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിച്ചത്. ഞാന്‍ എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. എനിക്കെതിരായ ഒരു കള്ളപ്രചരണവും ഇവിടെ വിലപ്പോയില്ല. എനിക്കെതിരെ കള്ളക്കഥ പ്രചരിപ്പിച്ച യു.ഡി.എഫിനും ബി.ജെ.പിക്കും തന്നെ അത്് തിരിച്ചടിയായി.
ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ യോജിച്ചുള്ള പ്രവര്‍ത്തനമാണ് വിജയത്തിന് പിന്നില്‍. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഇടതുപക്ഷ നേതൃത്വം മുഴുവന്‍ തന്റെ വിജയത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും ക്രിസ്തീയവിഭാഗങ്ങളും എല്‍.ഡി.എഫിനൊപ്പം നിന്നെന്നും സജി ചെറിയാന്‍ പറഞ്ഞു.