K RAIL | SAJI CHERIYAN | സമരക്കാര്‍ തീവ്രവാദികള്‍, എന്ത് പ്രഹസനമാണ് സജി | Trollodu Troll | Anusha Andrews
അനുഷ ആന്‍ഡ്രൂസ്

വികസന പദ്ധതി, കെ റെയില്‍, സില്‍വര്‍ ലൈന്‍ എന്നൊക്കെ പറഞ്ഞ്, യാതൊരു മുന്നറിയിപ്പുമില്ലാതെ ഓരോ വീട്ടിലേക്കും ഇടിച്ചുകയറി ചെന്ന് അവിടെ കെ റെയില്‍ കുറ്റികള്‍ സ്ഥാപിക്കുന്ന ചിലര്‍ ഒരു ഭാഗത്ത്. ഇത് കാണേണ്ട താമസം അത് പിഴുതെടുത്ത് തോട്ടിലെറിയുന്ന മറ്റു ചിലര്‍ മറു ഭാഗത്ത്.

ഇടയില്‍ കുടുംബങ്ങളുടെ കരച്ചില്‍, ആത്മഹത്യ ഭീഷണി. പൊലീസിന്റെ വളരെ ‘സിസ്റ്റമാറ്റിക്കായ’ നടപടികള്‍. പ്രതിപക്ഷത്തിന്റെ ആറാട്ട്. ഇതെല്ലാം എത്രത്തോളം വൈകാരികമായി പകര്‍ത്താനും കൈകാര്യം ചെയ്യാനും പറ്റുമോ അതിന്റെ അങ്ങേയറ്റം വരെ പോകുന്ന മാധ്യമങ്ങള്‍. സമരക്കാരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്ന മന്ത്രിമാര്‍. സമരത്തിന് പുല്ല് വില കല്‍പ്പിക്കാതെ ഇപ്പോഴും പൗരപ്രമുഖരുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി. എന്തൊരവസ്ഥയാണ്.

ജനങ്ങളെ പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കിടപ്പാടം പോകും എന്നാകുമ്പോള്‍ ആരും ഭയപ്പെടും. അവര്‍ പ്രതികരിക്കും. എന്ന് കരുതി സമരം ചെയ്യുന്നവര്‍ തീവ്രവാദികളുടെ സംഘടനകള്‍ വഴിയാണ് അത് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞാല്‍ അത് ഒരിക്കലും അംഗീകരിക്കാനാവില്ല.

എതിര്‍ത്ത് സംസാരിക്കുന്നവരെ തീവ്രവാദികള്‍ എന്ന് മുദ്രകുത്തുന്നത് വളരെ പഴക്കം ചെന്ന ഒരു പ്രവണതയാണ്. ഒരിക്കലും പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലാത്തത്. ഇത്രയധികം ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയം എന്ന നിലയില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നവരെയും, വിയോജിപ്പുകള്‍ ഉള്ളവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ നടത്തിക്കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് ഉചിതം.

സത്യത്തില്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ടവരുടെ പ്രസ്താവനകളിലെല്ലാം പൊരുത്തക്കേടുകളുണ്ട്. കല്ലിടുന്നിടത്തു നിന്നും ആളുകള്‍ ഒഴിയണം എന്നും, അവര്‍ക്ക് നഷ്ടപരിഹാരം നല്‍കും എന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണ് ഇപ്പോള്‍ കല്ലിടുന്നത്, ഭൂമി ഏറ്റെടുക്കാനല്ല എന്നാണ് കെ റെയില്‍ എം.ഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

സമാനമായി, സില്‍വര്‍ ലൈനിന് ബഫര്‍ സോണ്‍ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. പിന്നാലെ കെ റെയില്‍ പാതയുടെ രണ്ട് സൈഡിലും പത്ത് മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാവുമെന്നും, അതില്‍ അഞ്ച് മീറ്റര്‍ പരിധിയില്‍ നിര്‍മാണങ്ങള്‍ അനുവദിക്കില്ല എന്നും എം.ഡി പറയുന്നു.

ഇതിനിടയില്‍, ഗ്രാമങ്ങളിലുളളവര്‍ക്ക് അവരുടെ വസ്തുവിന്റെ നാലിരട്ടി വില നഷ്ടപരിഹാരം നല്‍കും എന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും, ഈ ഗ്രാമം എന്ന് വിശേഷിപ്പിക്കുന്ന ഇടങ്ങള്‍, നഗരങ്ങളില്‍ നിന്നും കോര്‍പറേഷനുകളില്‍ നിന്നും 40 കിലോമീറ്റര്‍ വിട്ടു നില്‍ക്കുന്ന സ്ഥലങ്ങളാണ് എന്ന് വ്യക്തമാക്കുന്നില്ല. ഇത്തരത്തില്‍ കേരളത്തില്‍ നഗരങ്ങളുമായി 40 കിലോമീറ്റര്‍ അകലങ്ങളിലുള്ള ഗ്രാമങ്ങള്‍ വളരെ വിരളമാണ്.

അതുകൊണ്ട് തന്നെ ആരെ വിശ്വസിക്കണമെന്നും, ആരെ വിശ്വസിക്കരുത് എന്നും ജനങ്ങള്‍ക്ക് ഇതുവരെയും മനസിലായിട്ടില്ല.

ഇവിടുന്ന ഇറങ്ങിയാല്‍ ഞങ്ങളെവിടെ പോകും?
നഷ്ടപരിഹാരം എത്ര കിട്ടും?
നഷ്ടപരിഹാരം കുടിയൊഴിപ്പിച്ചതിന് മുമ്പാണോ ശേഷമാണോ ലഭിക്കുക?
പ്രകൃതി സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും പ്ലാന്‍ ഉണ്ടോ?

എന്നിങ്ങനെ ലളിതമായി പറഞ്ഞ് കൊടുക്കാവുന്ന ചോദ്യങ്ങളാണ് ജനങ്ങള്‍ ചോദിക്കുന്നത്.

അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കാനും, അവരുടെ കൂടെ സമ്മതത്തോടെ ചില വിട്ടുവീഴ്ച്ചകള്‍ നടത്തിയും, ഒരു വികസന
പദ്ധതി നടപ്പാക്കാന്‍ വേണമെങ്കില്‍ സര്‍ക്കാരിന് കഴിയും. ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം കൊടുക്കേണ്ടതിന് പകരം വിഷയം എത്ര പൗരപ്രമുഖരുമായി ചര്‍ച്ച ചെയ്തിട്ടും കാര്യമില്ല.


Content Highlights: saji cheriyan calling krail protesters as extremists.

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.