കല്യാണം കഴിഞ്ഞ് രണ്ടും മൂന്നും കുട്ടികള്‍, അതും പോരാഞ്ഞ് വളരെ ചെറുപ്പമായ ഒരു കുട്ടിയെ പ്രേമിച്ച് ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക; അജിത്തിനെതിരെ സജി ചെറിയാന്‍
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അജിത്തിനെതിരെ മന്ത്രി സജി ചെറിയാന്‍. സ്വന്തം മകള്‍, കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളുള്ള ഒരുവനെ പ്രേമിച്ച് പോകുമ്പോഴുണ്ടാകുന്ന രക്ഷിതാക്കളുടെ മനോനില മനസിലാക്കണമെന്ന് സജി ചെറിയാന്‍ പറഞ്ഞു.
സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
”കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല,’ മന്ത്രി പറഞ്ഞു.
തനിക്ക് മൂന്നു പെണ്‍കുട്ടികളായത് കൊണ്ടാണ് ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക,’ മന്ത്രി ചോദിച്ചു.
അതേസമയം ദത്ത് വിഷയത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ്. ജയചന്ദ്രനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍നിന്നും ഒഴിവാക്കി. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗമാണ് പി.എസ്. ജയചന്ദ്രന്‍.
അനുപമയുടെ പരാതിയെത്തുടര്‍ന്ന് മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അനുപമയുടെ മാതാവ് സ്മിത ജെയിംസ് പേരൂര്‍ക്കട എ. ബ്രാഞ്ച് അംഗമാണ്.