കൊച്ചി: പ്രിയദര്‍ശന്‍ ഒരുക്കിയ മരക്കാര്‍;അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടു തുടരുന്ന അനിശ്ചിതത്വം പരിഹരിക്കാനായി വിളിച്ചുചേര്‍ത്ത ചര്‍ച്ച മാറ്റി വെച്ചതില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍.
നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും വന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് വെച്ച് ചര്‍ച്ച നടത്തുവാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ രണ്ടു കൂട്ടരും ഇങ്ങനെ ഒരു ചര്‍ച്ച ആവശ്യമില്ല എന്ന് തീരുമാനിക്കുയായിരുന്നു എന്നും അതുകൊണ്ടാണ് ചര്‍ച്ച വേണ്ടെന്ന് വെച്ചതെന്നും മന്ത്രി റിപ്പോര്‍ട്ടര്‍ ചാനാലിനോട് പറഞ്ഞു.
ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു എന്റെ വിശ്വാസം. രണ്ടു കൂട്ടര്‍ക്കും വാശി ഉണ്ടെന്നാണ് കേട്ടത്. അതിനിടയിലേക്ക് നമ്മള്‍ കയറേണ്ട. അവര്‍ തമ്മില്‍ ചര്‍ച്ച നടത്തട്ടെ. ഇനി അവര്‍ ഇടപെടാന്‍ ആവശ്യപ്പെട്ടാല്‍ നമ്മള്‍ ഇടപെടും, മന്ത്രി പറഞ്ഞു.
രണ്ടു ഭാഗത്ത് നിന്നും അവരുടേതായ പിടിവാശിയുണ്ടെന്നും അത് ആവശ്യമില്ലാത്ത പിടിവാശിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടു കൂട്ടര്‍ക്കും അവരുടേതായ ബുദ്ധിമുട്ടുകളുണ്ട്. നിര്‍മ്മാതാവ് എന്ന നിലയ്ക്ക് ആന്റണി പെരുമ്പാവൂരിന് കാശ് ലഭിക്കണം. തിയേറ്റര്‍ ഉടമകളെ സംബന്ധിച്ച് ഒരു മെഗാ സ്റ്റാര്‍ ചിത്രം വരുക എന്നത് ആവശ്യമാണ്. അവര്‍ യോജിച്ച് ഒരു തീരുമാനം എടുക്കണം എന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം, സജി ചെറിയാന്‍ പറഞ്ഞു.
ഈ മേഖലയില്‍ ഒരുപാട് സാധാരണ തൊഴിലാളികള്‍ ഉണ്ട്. കൊവിഡ് വന്നതോടെ ബുദ്ധിമുട്ടുകള്‍ കൂടുകയാണ്. അതിനാലാണ് സര്‍ക്കാര്‍ ഇടപെട്ടത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഇടപെടല്‍. സര്‍ക്കാര്‍ വളരെ ആത്മാര്‍ത്ഥമായാണ് വിഷയത്തെ സമീപിച്ചതെന്നും മന്ത്രി പറഞ്ഞു.
ഒരു ഡോസ് വാക്സിനേഷന്‍ ആക്കണം എന്ന് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ ചര്‍ച്ച നടത്തി അത് അംഗീകരിച്ചു. ടാക്‌സ് ഇളവുകള്‍ നല്‍കി. സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം വേണ്ടെന്ന് വെച്ച് വ്യവസായം നിലനില്‍ക്കുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചു.
സിനിമ വ്യവസായത്തോട് പിണറായി സര്‍ക്കാര്‍ നീതിപൂര്‍വമായ സമീപനം തന്നെയാണ് സ്വീകരിച്ചതെന്നും സര്‍ക്കാരിന് ഈ വ്യവസായം മുന്നേറണം എന്ന ആഗ്രഹം തന്നെയാണ് ഉള്ളതെന്നും സജി ചെറിയാന്‍ പറഞ്ഞു.
Content Highlight: Saji Cheriyan About Marakkar Movie Release Conflict