എസ്.എസ്.എല്‍.സി പാസായവര്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍; വസ്തുതാ വിരുദ്ധമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala News
എസ്.എസ്.എല്‍.സി പാസായവര്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍; വസ്തുതാ വിരുദ്ധമെന്ന് വിദ്യാഭ്യാസ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th June 2024, 5:54 pm

തിരുവനന്തപുരം: കേരളത്തില്‍ എസ്.എസ്.എല്‍.സി പാസായവര്‍ക്ക് എഴുത്തും, വായനയും അറിയില്ലെന്ന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനക്ക് മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സജി ചെറിയാന്റെ പ്രസ്താവന വസ്തുതാവിരുദ്ധമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.

നേരത്തെ പൊതു വിദ്യാഭ്യാസ വകുപ്പ് ഡറക്ടറും സജി ചെറിയാനെ തള്ളിപ്പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നല്‍കിയ വിശദീകരണം.

കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് മന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമായ പ്രസ്താവനയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ രംഗം രാജ്യത്ത് തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായമാണെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്ത് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച കേരളം ചെയ്യുന്നില്ലെന്നും പത്രക്കുറിപ്പില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സജി ചെറിയാന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തി എടുത്ത് തെറ്റായ പ്രചരണം നടത്തുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി സജി ചെറിയാന്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കുറിച്ച് പരാമര്‍ശം നടത്തിയത്.

പത്താം ക്ലാസ് പാസായവരില്‍ കൂടുതല്‍ പേര്‍ക്കും എഴുത്തും വായനയും അറിയില്ലെന്നാണ് മന്ത്രി പ്രസംഗിച്ചത്. ആരെങ്കിലും പത്താം ക്ലാസ് തോറ്റാല്‍ അത് സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിച്ച് സമരത്തിന് ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു.

‘കേരളത്തില്‍ 50ശതമാനം ആളുകള്‍ മാത്രമാണ് എസ്.എസ്.എല്‍.സി പരീക്ഷ പാസായതെങ്കില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം നടക്കും. അത് സര്‍ക്കാരിന്റെ പരാജയമാക്കി മാറ്റും. പത്താം ക്ലാസ് പാസായവരില്‍ കൂടുതല്‍ ആളുകള്‍ക്കും വായിക്കാനും എഴുതാനും അറിയില്ല. എല്ലാവരെയും ജയിപ്പിച്ച് വിടുന്നതാണ് അതിന് കാരണം. പശുവിനെ കണ്ടാല്‍ അറിയാത്ത കുട്ടികള്‍ വരെ നമ്മുടെ നാട്ടിലുണ്ട്. ഇതൊരു അസാധാരണമായ ജീവിത സാഹചര്യമാണ്,’ എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്.

Content Highlight: Saji Cherian says SSLC passers do not know how to read and write