തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിന്റെ രാജിയില്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇന്നലെ രഞ്ജിത്തിന്റെ രാജിയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രതികരണം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും മാധ്യമങ്ങള്‍ തന്നെ ഒരു സ്ത്രീ വിരുദ്ധനായി ചിത്രീകരിച്ചെന്നും മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു.
സംവിധായകന്‍ രഞ്ജിത്ത്, രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി അദ്ദേഹം ഉടന്‍ രാജിക്കത്ത് കൈമാറുമെന്നും മാധ്യമങ്ങളെ അറിയിച്ചു.
‘അദ്ദേഹത്തോട് രാജി വെക്കണമെന്ന് അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ സ്വമേധയാ രാജി വെക്കുകയായിരുന്നു. ഉടന്‍ തന്നെ രാജിക്കത്ത് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തല്‍ ഞാന്‍ ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. പരാതി ലഭിച്ചാല്‍ അത് നിയമപരമായി അന്വേഷിച്ച് വേണ്ട നിയമ നടപടികള്‍ എടുക്കും എന്നാണ് ഞാന്‍ പറഞ്ഞത്.
എന്നാല്‍ എന്റെ സംസാരം വളച്ചൊടിച്ച് ഞാന്‍ രഞ്ജിത്തിനെ സംരക്ഷിക്കുയകയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആ വാര്‍ത്ത എനിക്കേറെ പ്രയാസമുണ്ടാക്കി. ആ സംഭവം ഞാന്‍ ഒരു സ്ത്രീവിരുദ്ധനാണെന്ന പ്രതീതിയുണ്ടാക്കി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇരയ്‌ക്കൊപ്പമാണ്,’ സജി ചെറിയാന്‍ പറഞ്ഞു.
Content Highlight: Saji Cherian’s statement on Director Ranjith’s resignation