തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഹേമ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും കണ്ടെത്തലുകളും സര്‍ക്കാര്‍ കൃത്യമായി പരിശോധിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഗൗരവമായി എടുക്കേണ്ട വിഷയമാണെന്നതില്‍ തര്‍ക്കമില്ലെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രണ്ട് മാസത്തിനുള്ളില്‍ ഒരു സിനിമാ കോണ്‍ക്ലേവ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ക്ലേവില്‍ ഹേമ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്ക് മേല്‍ നടപടിയെടുക്കാനുള്ള കൂടിയാലോചനകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുമുമ്പുള്ള വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് റിപ്പോര്‍ട്ട് പുറത്തിവിടാതിരുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ വിഷയത്തില്‍ സര്‍ക്കാരിനുള്ള നിലപാട് തികച്ചും സുതാര്യമാണ്. സിനിമാ-സീരിയല്‍ രംഗത്ത് ഇടപെടേണ്ടത് അനിവാര്യമായ കാര്യമാണെന്നും ഇതിനുള്ള മാര്‍ഗരേഖ തയ്യാറാക്കുകയാണ് ഇനി സ്വീകരിക്കേണ്ട നടപടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രേഖപ്പെടുത്തിയ മൊഴികളില്‍ ഹേമ കമ്മിറ്റി ഞെട്ടിയോയെന്ന് തനിക്കറിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
താന്‍ മന്ത്രിയായതിന് ശേഷം ഒരു ആര്‍ട്ടിസ്റ്റ് പോലും വ്യക്തിപരമായി പരാതികള്‍ നല്‍കിയിട്ടില്ല. എന്നാല്‍ ഡബ്ലിയു.സി.സി പോലുള്ള സംഘടനകള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനുപിന്നാലെയാണ് ബന്ധപ്പെട്ട എല്ലാ മേഖലയിലുള്ളവരോടും വിഷയം സംസാരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
അതേസമയം കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളുമാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമാണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. കാണുന്നതെല്ലാം വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ ആദ്യ പേജില്‍ തന്നെ കമ്മിറ്റി പറയുന്നത്.മൊഴികള്‍ ഞെട്ടിക്കുന്നതാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. അവസരം തേടിയെത്തുന്ന സ്ത്രീകളുടെ ശരീരമാണ് മലയാള സിനിമയിലെ ശക്തി കേന്ദ്രങ്ങള്‍ആദ്യം ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവുകള്‍ സഹിതമാണ് മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി കണ്ടെത്തലുകളാണ് ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
Content Highlight: Saji Cherian responded after the release of the Hema Committee report