കൊച്ചി: കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തന്റെ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലൈംഗികാതിക്രമ ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ രംഗത്ത് വലിയ സംഭാവനകൾ ചെയ്ത വ്യക്തിയാണ് രഞ്ജിത്ത് എന്ന സജി ചെറിയാന്റെ അഭിപ്രായത്തോട് താൻ സമ്മതിക്കുന്നുവെന്നും എന്നാൽ നിലവിൽ ആരോപണ വിധേയനായ അദ്ദേഹം തന്റെ സ്ഥാനത്ത് നിന്ന് ഒഴിയാണെന്ന് അഭ്യർത്ഥിക്കുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.
മന്ത്രി സജി ചെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെക്കാൻ കൂട്ടുനിന്ന വ്യക്തിയാണെന്നും അദ്ദേഹം ഇപ്പോഴും വേട്ടക്കാരെ ന്യായികരിക്കുകയും ഇരകളെ തള്ളിപ്പറയുകയും ചെയ്യുന്ന ഒരാളാണെന്നും വി.ഡി സതീശൻ വിമർശിച്ചു.
‘ഹേമ കമ്മിറ്റി റിപ്പോർട്ടുകളിൽ കേസ് എടുക്കില്ലെന്ന പറഞ്ഞ സജി ചെറിയാൻ നിയമപരമായ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം മറന്നിരിക്കുകയാണ്. പരാതി തന്നാൽ മാത്രമേ കേസ് എടുക്കുകയുള്ളു എന്നാണ് അദ്ദേഹത്തിന്റെ വാദം. അദ്ദേഹം ഈ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. അദ്ദേഹം സത്യപ്രതിജ്ഞ ലംഘനം നടത്തി, നിയമപരമായ തന്റെ ബാധ്യതകളിൽ നിന്ന് ഒളിച്ചോടി, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൃത്രിമം വരുത്തി ഈ മൂന്ന് കാര്യങ്ങൾ ചെയ്ത സാംസ്‌കാരിക വകുപ്പ് മന്ത്രി ചെറിയാൻ രാജി വെക്കുന്നതാണ് ഉചിതം. അദ്ദേഹം രാജി വെച്ച് പുറത്ത് പോകണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,’ വി.ഡി സതീശൻ പറഞ്ഞു.
ഒരു വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ടീം ഉണ്ടാക്കി അവരെക്കൊണ്ട് കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണം വേണ്ട എന്നാണെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഫലം എന്താണെന്നും അദ്ദേഹം ചോദിച്ചു. ലൈംഗിക ചൂഷണം നേരിട്ട ഇരകളുടെ മൊഴികളുണ്ട് ആ റിപ്പോർട്ടിൽ. ഒരു അന്വേഷണം നടത്താൻ അതിലും വലിയ തെളിവുകൾ എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ഒരു അന്വേഷണം നടത്താത്ത പക്ഷം സിനിമ മേഖലയിലെ എല്ലാവരെയും ജനങ്ങൾ മോശക്കാരായി കാണും. അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടൊപ്പം വാർത്താ സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ സോളാർ കേസിനെക്കുറിച്ച് സംസാരിച്ചെന്നും അതൊരു കുറ്റസമ്മതമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും വേട്ടയാടുകയിരുന്നു പിണറായി സർക്കാരെന്ന് അദ്ദേഹം വിമർശിച്ചു.
Content Highlight: Saji Cheriyan and Ranjith are not fit to be in their place; VD Satheesan