കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന നീചമെന്ന് നിപാ കാലത്ത് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്. കോഴിക്കോട് നിപ പടര്‍ന്നപ്പോള്‍ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന ആളാണു അന്നത്തെ വടകര എം.പി മുല്ലപ്പള്ളിയെന്ന് സജീഷ് പറഞ്ഞു.
കൈരളി പീപ്പിളിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ലിനിയുടെ മരണശേഷവും തങ്ങളെ വിളിക്കുക പോലും ചെയ്തില്ല. നിപ പ്രതിരോധ സമയത്ത് ഗസ്റ്റ് റോളില്‍ പോലും ഇല്ലാതിരുന്ന ആളാണു മുല്ലപ്പള്ളി’
അന്ന് ആരോഗ്യപ്രവര്‍ത്തകരെയും നാടിനെയും നയിച്ചതും ആ ഘട്ടത്തിലും ശേഷവും ധൈര്യവും ആശ്വാസവും പകര്‍ന്നതും ശൈലജ ടീച്ചറാണെന്നും മുല്ലപ്പള്ളിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും സജീഷ് പറഞ്ഞു. ടീച്ചറുടെ ആശ്വസ വാക്കുകളാണ് ആത്മവിശ്വാസം തന്നതെന്നും സജീഷ് വ്യക്തമാക്കി.
പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.
കോഴിക്കോട്ട് നിപ രോഗം വ്യാപിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് വന്ന് പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യമന്ത്രിയെന്നാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.
”കോഴിക്കോട്ട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ”ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ‘ റോളില്‍ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നത്,” മുല്ലപ്പള്ളി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ