| Monday, 9th July 2012, 4:51 pm

കെ.ടി ജയകൃഷ്ണന്‍ വധക്കേസിലെ പ്രതി സജീവന്റെ കുടുംബം ബി.ജെ.പി യുടെ കയ്യില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍ :യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണന്‍ വധക്കേസിലെ പ്രതി സജീവന്റെ കുടുംബം ബി.ജെ.പിയുടെ കയ്യിലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സി.പി.ഐ.എമ്മിനെ കേന്ദ്രീകരിച്ച് ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് സജീവന്റെ അമ്മയുടെയും സഹോദരിയുടെയും പരാതിയെന്നും ജയരാജന്‍ പറഞ്ഞു.

ബന്ധുക്കളായ ചില ബി.ജെ.പിക്കാരുടെ സംരക്ഷണത്തിലാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്. അവരുടെ നിര്‍ദേശ പ്രകാരണമാണ് പരാതി നല്‍കിയിട്ടുള്ളത്. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ എന്തുകൊണ്ട് ഇത്രയും കാലം ഇവര്‍ മൗനം പാലിച്ചെന്നും ജയരാജന്‍ കണ്ണൂരില്‍ ചോദിച്ചു.

“സി.പി.ഐ.എം നല്‍കിയ പ്രതിപട്ടികയില്‍ സജീവന്റെ പേരുണ്ടായിരുന്നില്ല. അങ്ങനെയൊരു പ്രതിപ്പട്ടിക സി.പി.ഐ.എം നല്‍കിയിട്ടുമില്ല. പോലീസാണ് പ്രതിപ്പട്ടിക തയ്യാറാക്കിയത്. ബി.ജെ.പിക്കാര്‍ നല്‍കിയ മൊഴിയില്‍ മനംനൊന്താണ് സജീവന്‍ ആത്മഹത്യ ചെയ്തത്. കേസില്‍ ബി.ജെ.പിക്കാരുടെ മൊഴി ചെറുപ്പക്കാരനെ വേദനിപ്പിച്ചിരിക്കാം. അതാവും ആത്മഹത്യ ചെയ്യാന്‍ കാരണം. യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയാണ് അയാളുടെ മരണത്തിന് ഉത്തരവാദി. അവരാണ് കൊല്ലപ്പെട്ടവരുടെ വിവരവും പ്രതിപ്പട്ടികയും പോലീസിന് നല്‍കിയത്.”

റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയിലാണ് സജീവനെ കണ്ടത്. ബി.ജെ.പിക്കാരുടെ ചെയ്തിയില്‍ മനം നൊന്ത് ആത്മഹത്യ ചെയ്‌തെന്നാണ് തങ്ങള്‍ക്ക് മനസ്സിലായത്. അന്വേഷണത്തിന് തങ്ങള്‍ എതിരല്ലെന്നും ജയരാജന്‍ പറഞ്ഞു.

തിരുവഞ്ചൂരിന്റെ പോലീസ് സി.പി.ഐ.എം പ്രവര്‍ത്തകരെ തേടിപ്പിടിച്ച് വേട്ടയാടുകയാണെന്നും പി.ജയരാജന്‍ ആരോപിച്ചു. ഒരാളുടെ പേരില്‍ തന്നെ നിരവധി കേസുകള്‍ കെട്ടിവെക്കുകയാണ് ചെയ്യുന്നത്. പോലീസും ജയിലുമൊക്കെ ഇത്തരത്തില്‍ മാറിപ്പോയെന്നും ജയരാജന്‍ ആരോപിച്ചു.

ജയില്‍ ഉപദേശക സമിതിയില്‍ അംഗമായിരുന്ന തന്നെ പിന്നീട് അതില്‍ നിന്നും പുറത്താക്കുകയായിരുന്നു. അതിന് കാരണമായി പറയുന്നത്  ഞാന്‍ ജയിലിലെ കഠിന കുറ്റവാളികളെ നിരന്തരം സന്ദര്‍ശിച്ചെന്നാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ് : “വയനാട്ടില്‍ തങ്ങളുടെ ഭൂമിക്ക് വേണ്ടി സമരം ചെയ്ത ആദിവാസികളെ സന്ദര്‍ശിക്കാനാണ് താന്‍ പോയത്. അടുത്ത ദിവസവും ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ ജയിലിലെത്തി അവരേയും കാണാന്‍ പോയി. മൂന്നാമത്തെ ദിവസം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ കൂടെയും പോയി. ഇതിനാണ് കൊടും ഭീകരരെ സന്ദര്‍ശിച്ചെന്ന് പറഞ്ഞത്. ഇതൊക്കെ പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ്. സി.പി.ഐ.എം നെ നിയമവിധേയമായി ഒന്നും ചെയ്യാന്‍ ഇവിടുത്തെ പോലീസ് അനുവദിക്കുന്നില്ല. ഇതിനെതിരെ തിരിച്ചടിക്കണമെന്നാണ് ഞങ്ങള്‍ക്ക് ആഹ്വാനം ചെയ്യാനുള്ളത്.”

ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്തതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് പറഞ്ഞ ജയരാജന്‍  കൂടുതലെന്തെങ്കിലും അറിയണമെങ്കില്‍ പോലീസിനോട് ചോദിക്കാമെന്നും പറഞ്ഞു. ഇതിനകം തന്നെ പോലീസ് മേധാവി ഇതുസംബന്ധിച്ച് പ്രതികരിച്ചെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡി.വൈ.എസ്.പിക്കെതിരെ എം.വി. ജയരാജന്‍ നടത്തിയത് ഭീഷണിയായിരുന്നില്ല. പോലീസിന്റെ ജനവിരുദ്ധ നയങ്ങളെ ചോദ്യം ചെയ്യുകമാത്രമാണ് അദ്ദേഹം ചെയ്തതെന്നും പി.ജയരാജന്‍ പറഞ്ഞു. മൂന്നാംമുറ നിയമവിരുദ്ധമാണ്. കണ്ണൂരിലെ സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ മൂന്നാം മുറയാണ് പോലീസ് പ്രയോഗിക്കുന്നത്. ആ ഉദ്യോഗസ്ഥനെ നേരിട്ട് കണ്ടപ്പോള്‍ അത് ചോദിച്ചു. പിതൃവാത്സല്യമെന്നാണ് തിരുവഞ്ചൂര്‍ പോലീസിന്റെ ഇത്തരം ചെയ്തികളെ വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നാല് വര്‍ഷമായി ആഞ്ചിയോ പ്ലാസ്റ്റി ചെയ്യുന്ന ജയരാജനെ ചോദ്യം ചെയ്യാന്‍ യുദ്ധസമാനമായ സംവിധാനവുമായാണ് പോലീസ് എത്തിയതെന്ന് സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍ പറഞ്ഞു. പോലീസിനെ ചോദ്യം ചെയ്തത് ധാര്‍മ്മികതയുടെ ഭാഗമാണ്. തിരുവഞ്ചൂരിന്റെ പോലീസ് സാഡിസ്റ്റ് നടപടിയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത്തരം ചെയ്തികള്‍ തിരുവഞ്ചൂരായാലും ചോദിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more