|

ലിനിയുടെ കഥ സിനിമയാകുന്നത് ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്: 'വൈറസ്' സിനിമയെക്കുറിച്ച് ലിനിയുടെ ഭര്‍ത്താവ് സജീഷ് സംസാരിക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിപ അതിജീവനം സംവിധായകന്‍ ആഷിക് അബു വെള്ളിത്തിരയിലെത്തിക്കുകയാണ്. മറ്റെല്ലാവരേയും പോലെ താനും ആ ചിത്രത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് നിപ രോഗിയെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരണപ്പെട്ട നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് പറയുന്നു.

ചിത്രത്തിന്റെ വിശദാംശങ്ങളെക്കുറിച്ചൊന്നും അറിയില്ല. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ആ റോള്‍ എങ്ങനെയാണ് സ്‌ക്രീനിലുണ്ടാവുകയെന്നൊക്കെയുള്ള ആകാംക്ഷയുണ്ട്. എല്ലാവരേയും പോലെ ഞാനും ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നതെന്ന് സജീഷ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

Also Read: ‘വൈറസ്’ -നിപ അതിജീവനത്തിന്റെ കഥ തന്നെ: ആഷിഖ് അബു ഡൂള്‍ന്യൂസിനോട്

“വൈറസ്” നെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ അമ്മയെയൊക്കെ കാണിച്ചിരുന്നു. എല്ലാവരും എങ്ങനെയായിരിക്കും അത് സ്‌ക്രീനില്‍ കാണുകയെന്ന അതിശയത്തിലാണെന്നും സജീഷ് പറഞ്ഞു.

റിമയാണ് ചിത്രത്തില്‍ ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒന്നുരണ്ട് ചിത്രങ്ങളില്‍ റിമയുടെ നഴ്‌സ് വേഷം കണ്ടിട്ടുണ്ട്. വളരെ മികച്ച രീതിയില്‍ അത് ചെയ്തിട്ടുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട നടിയാണ് റിമയെന്നും സജീഷ് പറഞ്ഞു.

നിപ വൈറസ് അതിജീവനത്തിന്റെ കഥ സിനിമയാകുന്നുവെന്ന കാര്യം മുമ്പെങ്ങോ സൂചിപ്പിച്ചിട്ടുണ്ട് എന്നതല്ലാതെ അതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താനുമായി ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബു വൈറസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. നിപ അതിജീവനത്തിന്റെ കഥയാണിതെന്ന സൂചന നല്‍കുന്നതായിരുന്നു പോസ്റ്റര്‍. ഇക്കാര്യം ആഷിഖ് ഡൂള്‍ന്യൂസിനോടു സ്ഥിരീകരിച്ചിട്ടുണ്ട്.

Video Stories