ഡബ്ല്യു.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ 42 റണ്‍സിന് യു.പി വാറിയേര്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ടോസ് നേടിയ മുംബൈ ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യു.പി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മുംബൈക്ക് വേണ്ടി സൈവര്‍ ബ്രന്‍ഡ് 31 പന്തില്‍ നിന്ന് 45 റണ്‍സ് നേടി തകര്‍ത്തപ്പോള്‍ അമീലിയ കെര്‍ 21 പന്തില്‍ നിന്ന് 39 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ഹര്‍മന്‍ പ്രീത് കൗര്‍ 30 പന്തില്‍ നിന്നും 33 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. യു.പി ബൗളിങ്ങില്‍ ചമരി അധപത്തു നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. സൈമ താക്കൂര്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
അവസാനഘട്ടത്തില്‍ മുംബൈക്ക് വേണ്ടി മലയാളികളുടെ അഭിമാനമായ വയട്ടുകാരി സജന സജീവന്‍ 14 പന്തില്‍ നിന്ന് 22 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. നാല് ബൗണ്ടറികള്‍ അടിച്ചു പുറത്താകാതെയാണ് താരം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്.
എന്നാല്‍ ബാറ്റിങ്ങിനു പുറമേ മിന്നും ഫീല്‍ഡിങ് പ്രകടനമാണ് താരം കാഴ്ചവച്ചത്. മൂന്ന് കിടിലന്‍ ക്യാച്ചുകളാണ് താരം മത്സരത്തില്‍ സ്വന്തമാക്കിയത്. ചമാരി അധപത്തും (3), സോഫി എക്ളേസ്റ്റോണ്‍ (0), ഉമ ഛേത്രി (8) എന്നിവരുടെ ക്യാച്ചാണ് താരം സ്വന്തമാക്കിയത്. ഇതിന് പുറമേ ബൗള്‍ ചെയ്ത് സൈമ താക്കൂറിന്റെ വിക്കറ്റും സജന സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ യു.പിക്ക് വേണ്ടി ദീപ്തി ശര്‍മ 36 പന്തില്‍ നിന്ന് 53 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ശ്വേതാ സെഹ്‌റാവത്ത് (17) ഗ്രേസ് ഹാരിസ് (15) എന്നിവര്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. മുംബൈക്ക് വേണ്ടി സൈക്ക ഇഷാ 27 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് ആണ് സ്വന്തമാക്കിയത്. സൈവാര്‍ ബ്രാന്‍ഡ് 14 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കി. സബിനിം ഇസ്മയില്‍ ഒരു വിക്കറ്റും നേടി.
Content highlight: Sajana Sajeevan Performs Very Well Against U.P