2024 വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നാല് വിക്കറ്റുകള്‍ക്കായിരുന്നു മുംബൈ തകര്‍ത്തു വിട്ടത്.
മത്സരത്തില്‍ മുംബൈയെ വിജയത്തിലെത്തിച്ചത് മലയാളി താരമായ സജന സജീവന്‍ ആയിരുന്നു. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിന്റെ അവസാന പന്തില്‍ സിക്‌സര്‍ നേടികൊണ്ടായിരുന്നു സജന മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്.
അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് ആവശ്യമുള്ളപ്പോള്‍ ലോകോത്തര ബൗളറായ അലീസ് ക്യാപ്‌സിയെ സിക്‌സര്‍ പറത്തിയാണ് ഈ വയനാടുകാരി മുംബൈക്ക് വിജയം സമ്മാനിച്ചത്.
ഇത് ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് മലയാളി താരം സ്വന്തമാക്കിയത്. ടി-20 ക്രിക്കറ്റില്‍ ചെയ്സിങ്ങില്‍ ഒരു അവസാന പന്തില്‍ നേരിട്ട് ആദ്യ പന്ത് തന്നെ സിക്‌സര്‍ ആദ്യ വനിതാ താരമെന്ന നേട്ടമാണ് സജന സജീവന്‍ സ്വന്തമാക്കിയത്. സജനയ വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ നേരിട്ട ആദ്യ പന്ത് കൂടിയായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ തന്നെ മുംബൈയെ വിജയത്തിലെത്തിക്കാന്‍ മലയാള താരത്തിന് സാധിച്ചത് ഏറെ ശ്രദ്ധേയമായി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. ക്യാപിറ്റല്‍സ് ബാറ്റിങ്ങില്‍ അലിസെ ക്യാപ്‌സീ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 53 പന്തില്‍ 75 റണ്‍സ് നേടിക്കൊണ്ടായിരുന്നു അലിസെയുടെ തകര്‍പ്പന്‍ പ്രകടനം. എട്ട് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരം നേടിയത്.
141.51 ആയിരുന്നു ദല്‍ഹി താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. 2024 വുമണ്‍സ് പ്രീമിയര്‍ ലീഗിലെ ആദ്യ അര്‍ധസെഞ്ച്വറി നേടുന്ന താരമായി മാറാനും അലിസെക്ക് സാധിച്ചു.
ജെമിമ റോഡ്രിഗസും മികച്ച പ്രകടനം നടത്തി. 24 പന്തില്‍ 42 റണ്‍സ് നേടികൊണ്ടായിരുന്നു ജെമിമയുടെ വെടിക്കെട്ട് ഇന്നിങ്സ്. അഞ്ച് ഫോറുകളും രണ്ട് സിക്സുകളും ഉള്‍പ്പെടുന്നതായിരുന്നു ജെമിമയുടെ ബാറ്റിങ്.
ദല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാനിനും മികച്ച പ്രകടനം നടത്തി. 25 പന്തില്‍ 31 റണ്‍സ് നേടിയായിരുന്നു ദല്‍ഹി ക്യാപ്റ്റന്‍ന്റെ തകര്‍പ്പന്‍ പ്രകടനം.
മുംബൈ ബൗളിങ് നിരയില്‍ സായ്ക്ക് ഇഷ്വാക്ക്, അമെല്ലാ കെര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങില്‍ മുംബൈക്കായി യാസ്തിക ഭാട്ടിയ 45 പന്തില്‍ 57 റണ്‍സും ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ 34 പന്തില്‍ 55 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ഫെബ്രുവരി 25ന് ഗുജറാത്ത് ജയന്റ്‌സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
Content Highlight: Sajana Sajeevan create a new record