| Sunday, 18th August 2024, 9:33 pm

മിന്നുവും സജനയും ഇടിമിന്നലായി; മലയാളി കരുത്തിൽ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ എ വിമണ്‍സും-ഓസ്‌ട്രേലിയ എ വിമണ്‍സും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 171 റണ്‍സിന്റെ കൂറ്റന്‍ വിജയം. മാകയിലെ ഹാറപ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 22.1 ഓവറില്‍ 72 റണ്‍സിന് പുറത്താവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി തേജാള്‍ ഹസബ്‌നിസ്, രാംഖി ആനന്ദ് സിങ് ബിസ്റ്റ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. രാംഖി 54 പന്തില്‍ 53 റണ്‍സും തേജാല്‍ 66 പന്തില്‍ 50 റണ്‍സുമാണ് നേടിയത്.

അവസാന ഓവറുകളില്‍ മലയാളി താരങ്ങളായ സജന സജീവനും ക്യാപ്റ്റന്‍ മിന്നു മണിയും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവും നടത്തി. സജന 49 പന്തില്‍ 40 റണ്‍സും മിന്നുമണി 56 പന്തില്‍ 34 റണ്‍സും നേടിയാണ് തിളങ്ങിയത്.

ഓസീസ് ബൗളിങ്ങില്‍ മൈറ്റിലാന്‍ ബ്രൗണ്‍ മൂന്ന് വിക്കറ്റും നിക്കോള ഹാന്‍കോക്ക്, ചാര്‍ലി നോട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുപ്പടയെ ഇന്ത്യന്‍ ബൗളിങ് നിര തകര്‍ത്തെറിയുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രിയ മിശ്രയാണ് ഓസ്‌ട്രേലിയയെ എറിഞ്ഞുവീഴ്ത്തിയത്. അഞ്ച് ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 14 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മിന്നുമണി രണ്ട് വിക്കറ്റും നേടി നിര്‍ണായകമായി. മേഖ്‌ന സിങ്, സോപ്പദണ്ടി യശശ്രീ, സൈക്ക ഇസ്ഹാഖ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങില്‍ മാഡി ഡാര്‍ക്ക് 34 പന്തില്‍ 22 റണ്‍സും ടെസ്പ്ലിന്റോഫ് 44 പന്തില്‍ 20 റണ്‍സും നേടി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: Sajana Sajeevan and Minnu Mani Great Performance India A vs Australia A odi Match

We use cookies to give you the best possible experience. Learn more