മലയാളത്തിന് ഏറ്റവും അഭിമാനമുണ്ടാക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാനെന്ന് പറയുകയാണ് സംവിധായകന്‍ സാജന്‍ ചക്കരയുമ്മ. മലയാളം കൈകാര്യം ചെയ്യുന്നത് പോലെ തന്നെ അദ്ദേഹം മറ്റ് ഭാഷകളും കൈകാര്യം ചെയ്യുന്നുണ്ടെന്നും കമല്‍ ഹാസന് ശേഷം അങ്ങനെ കണ്ടിട്ടുള്ളത് ദുല്‍ഖറിലാണെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ സാജന്‍ പറഞ്ഞു.
‘2012 ല്‍ കുറെ പുതുമുഖങ്ങളെല്ലാം ഒന്നിച്ച് ചെയ്ത സെക്കന്റ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തുന്നത്. വലിയ പ്രതീക്ഷയില്ലാതെ വന്ന സിനിമയാണ് വലിയ വിജയമായി മാറിയത്. അതിലൂടെയാണ് ദുല്‍ഖര്‍ എന്ന കുഞ്ഞിക്ക രംഗപ്രവേശം ചെയ്യുന്നത്.
സിനിമയില്‍ എവിടെയെങ്കിലും ഉണ്ടാവണം എന്നതാണ് എന്റെ ആഗ്രഹം എന്ന് പറഞ്ഞ ദുല്‍ഖര്‍ സിനിമ പിടിച്ചടക്കും എന്ന ജല്‍പനമൊന്നും നടത്തിയില്ല. പക്ഷേ തുടര്‍ന്നിങ്ങോട്ട് നോക്കി കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും ഹിറ്റല്ലേ. ചാര്‍ളി, തെലുങ്കില്‍ സീതാരാമം, ഹിന്ദിയില്‍ ചുപ്, എല്ലാം ഹിറ്റാണ്. മോസ്റ്റ് ചാമിങ് യങ് ആക്ടര്‍ എന്നാണ് ഹിന്ദിയിലെ സംവിധായകന്‍ പറഞ്ഞത്.
മലയാളത്തിന് ഏറ്റവും കൂടുതല്‍ അഭിമാനമുണ്ടാകുന്ന നടന്‍ തന്നെയാണ് ദുല്‍ഖര്‍. മറ്റ് ഭാഷകളില്‍ സിനിമ ചെയ്താലും സ്വന്തമായി ഡബ്ബ് ചെയ്യുന്ന നടനാണ് കമല്‍ ഹാസന്‍. മദനോത്സവത്തില്‍ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്ത ആളാണ് ഞാന്‍. അത് പല ഭാഷകളില്‍ വന്നപ്പോഴും കമല്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും കമല്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. അതിന് ശേഷം എനിക്ക് അങ്ങനെ പറയാവുന്ന ഒരു നടന്‍ ദുല്‍ഖര്‍ സല്‍മാനാണ്.
ദുല്‍ഖറിന്റെ മാതൃഭാഷ മലയാളം. അതുപോലെ തന്നെയാണ് തമിഴ്. തമിഴ്‌നാട്ടിലാണല്ലോ പുള്ളി പഠിച്ചത്. മലയാളവും തമിഴും ഒരുപോലെ പുള്ളിക്ക് വശമാണ്. തെലുങ്ക് സംസാരിക്കുമ്പോള്‍ തെലുങ്ക് നടനാണന്നേ തോന്നുകയുള്ളൂ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. തെലുങ്ക് സംവിധായകരും അത് തന്നെയാണ് പറയുന്നത്.
ഹിന്ദി പറയുന്നത് കേട്ട് നോക്കണം. ചുപ് ഒന്ന് കണ്ട് നോക്കൂ, ഹിന്ദിയിലെ നടന്മാരെ വെല്ലുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രകടനവും അഭിനയവും. ഡബ്ബിങ്ങിന്റെ ക്ലാരിറ്റി, ഹിന്ദിയുടെ ഒഴുക്ക്, അത് കേട്ടുകഴിഞ്ഞാല്‍ മലയാള നടന്റെ ഡബ്ബിങ്ങാണെന്ന് തോന്നില്ല. എല്ലാ ഭാഷയിലും അതുപോലെ ഉള്‍ക്കൊണ്ട് മനോഹരമായി ഡബ്ബ് ചെയ്യുന്ന നടന്‍ നമുക്ക് അഭിമാനിക്കാവുന്നതാണെന്ന് നിസംശയം പറയാം,’ സാജന്‍ പറഞ്ഞു.
Content Highlight: sajan chakkarayumma compares dulquer salmaan with kamal haasan