| Tuesday, 11th April 2023, 9:25 am

മമ്മൂട്ടി പെട്ടെന്ന് ചൂടാവുമെങ്കിലും ലാളിത്യമുണ്ട്, അതുതന്നെയാണ് ദുല്‍ഖറിനും കിട്ടിയത്: സാജന്‍ ചക്കരയുമ്മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ ലാളിത്യവും സ്വഭാവഗുണങ്ങളുമാണ് ദുല്‍ഖര്‍ സല്‍മാന് ലഭിച്ചിരിക്കുന്നതെന്ന് പറയുകയാണ് സംവിധായകന്‍ സാജന്‍ ചക്കരയുമ്മ. മമ്മൂട്ടി പെട്ടെന്ന് ചൂടാവുമെങ്കിലും ലാളിത്യമുണ്ടെന്നും അത് ദുല്‍ഖറിനും കിട്ടിയിട്ടുണ്ടെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സാജന്‍ ചക്കരയുമ്മ പറഞ്ഞു.

‘ചില ആള്‍ക്കാരുടെ പെരുമാറ്റരീതി അവര്‍ സ്വയമേ ഉണ്ടാക്കിയെടുക്കുന്നതല്ല. വിത്തുഗുണം പത്തുഗുണം എന്ന് പറയുമല്ലോ. മമ്മൂട്ടിയും ദുല്‍ഖറും അങ്ങനെയാണ്. മമ്മൂട്ടിക്ക് പെട്ടെന്ന് ചൂടാവുന്ന സ്വഭാവമുണ്ടെങ്കിലും എന്തൊരു ലാളിത്യമാണ് പുള്ളിയുടെ പെരുമാറ്റത്തില്‍. അത് ആ മകന് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച ഋതു വര്‍മയുടെ ഫേസ്ബുക്ക് പോസ്റ്റ് ഈയിടെ ഞാന്‍ കാണാനിടയായി. അവര്‍ വാചാലയായി സംസാരിക്കുന്നത് കുഞ്ഞിക്കയെ കുറിച്ചാണ്, നമ്മുടെ ദുല്‍ഖര്‍ സല്‍മാന്‍.

ഒരു ലെജന്റിന്റെ മകനായ ദുല്‍ഖര്‍ സല്‍മാന്റെ പെരുമാറ്റം കണ്ടാല്‍ എന്തൊരു സിംപ്ലിസിറ്റിയാണ്, എന്തൊരു എളിമയാണ്, എന്തൊരു അനുകമ്പയാണ്. ഒരു വലിയ മഹാനടന്റെ മകനാണെന്നുള്ള തലയെടുപ്പോ അല്ലെങ്കില്‍ അതിന്റെ ജാഡയോ ഒന്നും കാണിക്കാത്ത ഈ മനുഷ്യനെ എത്രത്തോളം പുകഴ്ത്തിയാലും മതിയാവുന്നില്ല. ഐ ലവ് സോ മച്ച് എന്നാണ് ഋതു പറയുന്നത്.

2012 ല്‍ കുറെ പുതുമുഖങ്ങളെല്ലാം ഒന്നിച്ച് ചെയ്ത സെക്കന്റ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തുന്നത്. വലിയ പ്രതീക്ഷയില്ലാതെ വന്ന സിനിമയാണ് വലിയ വിജയമായി മാറിയത്. അതിലൂടെയാണ് ദുല്‍ഖര്‍ എന്ന കുഞ്ഞിക്ക രംഗപ്രവേശം ചെയ്യുന്നത്.

സിനിമയില്‍ എവിടെയെങ്കിലും ഉണ്ടാവണം എന്നതാണ് എന്റെ ആഗ്രഹം എന്ന് പറഞ്ഞ ദുല്‍ഖര്‍ സിനിമ പിടിച്ചടക്കും എന്ന ജല്‍പനമൊന്നും നടത്തിയില്ല. പക്ഷേ തുടര്‍ന്നിങ്ങോട്ട് നോക്കി കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും ഹിറ്റല്ലേ. ചാര്‍ലി, തെലുങ്കില്‍ സീതാരാമം, ഹിന്ദിയില്‍ ചുപ്, എല്ലാം ഹിറ്റാണ്. മോസ്റ്റ് ചാമിങ് യങ് ആക്ടര്‍ എന്നാണ് ഹിന്ദിയിലെ സംവിധായകന്‍ പറഞ്ഞത്,’ സാജന്‍ പറഞ്ഞു.

Content Highlight: sajan chakkarayumma bout dulquer salmaan and mammootty

Latest Stories

We use cookies to give you the best possible experience. Learn more