|

ആന്ധ്രയിലെ കോളേജിലെത്തിയ ദുല്‍ഖറിനെ കുട്ടികള്‍ കൂക്കിവിളിച്ചു, പിന്നീടാണ് കാര്യമറിഞ്ഞത്: സാജന്‍ ചക്കരയുമ്മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സാജന്‍ ചക്കരയുമ്മ. അടുത്തിടെ ആന്ധ്രാപ്രദേശില്‍ ദുല്‍ഖര്‍ ഒരു ഫങ്ഷന് പോയപ്പോള്‍ അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ കൂക്കിവിളിച്ചെന്നും അതിന്റെ കാരണം തനിക്ക് പിന്നീടാണ് മനസിലായതെന്നും തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ സാജന്‍ പറഞ്ഞു.

‘കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച ഋതു വര്‍മയുടെ ഫേസ്ബുക്ക് പോസ്റ്റ് ഈയിടെ ഞാന്‍ കാണാനിടയായി. അവര്‍ വാചാലയായി സംസാരിക്കുന്നത് കുഞ്ഞിക്കയെ കുറിച്ചാണ്, നമ്മുടെ ദുല്‍ഖര്‍ സല്‍മാന്‍.

ഒരു ലെജന്റിന്റെ മകനായ ദുല്‍ഖര്‍ സല്‍മാന്റെ പെരുമാറ്റം കണ്ടാല്‍ എന്തൊരു സിംപ്ലിസിറ്റിയാണ്, എന്തൊരു എളിമയാണ്, എന്തൊരു അനുകമ്പയാണ്. ഒരു വലിയ മഹാനടന്റെ മകനാണെന്നുള്ള തലയെടുപ്പോ അല്ലെങ്കില്‍ അതിന്റെ ജാഡയോ ഒന്നും കാണിക്കാത്ത ഈ മനുഷ്യനെ എത്രത്തോളം പുകഴ്ത്തിയാലും മതിയാവുന്നില്ല. ഐ ലവ് സോ മച്ച് എന്നാണ് ഋതു പറയുന്നത്.

ഈയിടെ ദുല്‍ഖര്‍ സല്‍മാന്‍ ഒരു ഫങ്ഷന് കോളേജില്‍ പോയി. അപ്പോള്‍ ഭയങ്കര കൂക്കിവിളി. ഞാനും ചില ഉദ്ഘാടനങ്ങള്‍ക്കൊക്കെ കോളേജില്‍ പോയിട്ടുണ്ട്. നമ്മുടെ ചെവി പൊട്ടുന്ന രീതിയിലാണ് കൂക്കിവിളി. അതെന്തുകൊണ്ടാണെന്ന് പിന്നെയാണ് മനസിലാക്കുന്നത്. സന്തോഷം കൊണ്ടാണ്.

അവര്‍ക്ക് ആഹ്ലാദം പ്രകടിപ്പിക്കാന്‍ വേറെ മാര്‍ഗമില്ലാത്തത് കൊണ്ടാണ്. ദുല്‍ഖര്‍ സല്‍മാന്‍ ആ കൂക്കിവിളി ആസ്വദിച്ചുകൊണ്ട് സ്റ്റേജിലേക്ക് കയറുമ്പോള്‍ എന്തൊരു കയ്യടിയാണ് ഈ യുവാക്കള്‍. ആന്ധ്രയിലാണ് ഈ സംഭവം നടന്നത്. ഐ ലവ് യു സോ മച്ച് എന്നൊരു പെണ്‍കുട്ടി അതില്‍ പറയുന്നത് കേട്ടു. ദുല്‍ഖറും തിരിച്ച് ലവ് യു എന്ന് പറഞ്ഞു,’ സാജന്‍ പറഞ്ഞു.

കിങ് ഓഫ് കൊത്തയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ദുല്‍ഖര്‍ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മി, അനിഖ സുരേന്ദ്രന്‍, രാജേഷ് ശര്‍മ, ഗോകുല്‍ സുരേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: sajan chakkarayumma about dulquer salmaan