ആലപ്പുഴ: വള്ളിക്കുന്നം സ്വദേശി അഭിമന്യുവിന്റെ കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യമെന്ന് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനെ ലക്ഷ്യമിട്ടാണ് ഉത്സവപറമ്പില്‍ എത്തിയതെന്നും സജയ് ജിത്ത് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഏഴാം തീയതി അനന്തുവുമായി അടിപിടിയുണ്ടായിരുന്നു. അനന്തുവിനെ തേടിയാണ് സംഘം ചേര്‍ന്നതും ക്ഷേത്ര പരിസരത്തെത്തിയതും. എന്നാല്‍, അഭിമന്യുവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നെന്ന് സജയ് ജിത്ത് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
സജയ് ജിത്തിന്റെയും ജിഷ്ണുവിന്റേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദര്‍ശിന്റേയും മൊഴി കേസില്‍ നിര്‍ണായകമാകും.
ഇന്നലെയാണ് സജയ് ജിത്ത് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിനെ എറണാകുളത്തു നിന്ന് തന്നെ പൊലീസ് പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൊലപാതക സംഘത്തില്‍ അഞ്ചിലധികം പേരുണ്ടെന്നാണ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്ന നിഗമനം. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ആലപ്പുഴ പൊലീസ് മേധാവി വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
ബുധനാഴ്ച പടയണിവട്ടം ക്ഷേത്രത്തില്‍ നടന്ന വിഷു ഉത്സവത്തിനിടെ രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായതില്‍ അഭിമന്യുവിന്റെ സഹോദരന്‍ ഉള്‍പ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് പടയണിവട്ടം ക്ഷേത്രത്തില്‍ വെച്ച് അക്രമമുണ്ടായത്. അഭിമന്യു എസ്.എഫ്.ഐ പ്രവര്‍ത്തകനാണെന്നും ആര്‍.എസ്.എസിന്റെ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതാണ് കൊലപാതക കാരണമെന്നും സി.പി.ഐ.എം ഏരിയാ സെക്രട്ടറി ബി. ബിനു പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക