| Tuesday, 21st September 2021, 4:08 pm

ബി.ജെ.പിയെ എതിര്‍ക്കുന്ന സന്യാസിമാരെല്ലാം ഇങ്ങനെയാണ് മരിക്കുന്നത്; മഹന്ത് നരേന്ദ്രഗിരി മഹാരാജിന്റെ മരണത്തില്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹൈന്ദവ സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജിന്റെ മരണത്തില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര കോണ്‍ഗ്രസ്. ബി.ജെ.പിയ്‌ക്കെതിരെ സംസാരിക്കുന്ന സന്യാസിമാര്‍ ദുരൂഹമായാണ് മരണപ്പെടുന്നതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു.

മഹന്ത് നരേന്ദ്രഗിരി ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇതൊരു ആത്മഹത്യയായാണ് അവതരിപ്പിക്കപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ ഒരുപാട് പുരോഹിതരും പൂജാരിമാരും കൊല്ലപ്പെടുന്നുണ്ട്. ബി.ജെ.പിയ്‌ക്കെതിരെ സംസാരിക്കുന്ന പുരോഹിതര്‍ ഇങ്ങനെയാണ് മരണപ്പെടുന്നത്,’ പടോലെ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം മഹന്ത് നരേന്ദ്രഗിരിയുടെ മരണത്തില്‍ അടുത്ത ശിഷ്യനും അനുയായിയുമായ ആനന്ദ് ഗിരിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നരേന്ദ്ര ഗിരിയുടെ പ്രധാനശിഷ്യന്‍മാരില്‍ രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്ദീപ് തിവാരിയെയും മകന്‍ ആദ്യതിവാരിയെയുമാണ് ചോദ്യം ചെയ്യുന്നത്.

തിങ്കളാഴ്ച രാത്രിയോടെയാണ് പൊലീസ് ആനന്ദ് ഗിരിയെ പിടികൂടിയത്. ഇയാള്‍ സ്വാമി മഹന്ത് നരേന്ദ്രഗിരിയെ ഉപദ്രവിച്ചിരുന്നതായുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

നേരത്തെ വഞ്ചനയും സാമ്പത്തിക കെടുകാര്യസ്ഥതയും ആരോപിച്ച് ആനന്ദ് ഗിരിയെ മഹന്ത് നരേന്ദ്രഗിരി ആശ്രമത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

എന്നാല്‍ ഇയാള്‍ പിന്നീട് ആശ്രമത്തില്‍ തിരിച്ചെത്തുകയും മഹന്ത് നരേന്ദ്രഗിരിയോട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നതായുള്ള മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോയും പുറത്തുവന്നിരുന്നു.

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മഠത്തിലാണ് മഹാരാജിനെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 78 വയസ്സായിരുന്നു. 7 പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരടക്കമുള്ളവരുടെ പേരുകള്‍ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് പൊലിസ് പറയുന്നു. പല കാരണങ്ങളാല്‍ താന്‍ അസ്വസ്ഥനായിരുന്നെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും നരേന്ദ്രഗിരി ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.

താന്‍ അഭിമാനത്തോടെയാണ് ഇതുവരെ ജീവിച്ചതെന്നും ഇനിയങ്ങോട്ട് ആത്മാഭിമാനം നഷ്ടപ്പെടുത്തി ജീവിക്കാന്‍ സാധിക്കില്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.

തന്റെ മരണ ശേഷം ആശ്രമം എന്തു ചെയ്യണം എന്നതിനെക്കുറിച്ചും ആത്മഹത്യാക്കുറിപ്പില്‍ വിശദമായി എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

അതേസമയം, ‘ഗുരുജിക്ക് ആത്മഹത്യ ചെയ്യാനാവില്ലെന്നും പല കാരണങ്ങളാല്‍ അദ്ദേഹം പീഡിപ്പിക്കപ്പെട്ടെന്നും ഇത് തനിക്കെതിരായ വലിയ തോതിലുള്ള ഗൂഢാലോചനയാണെന്നും’ ആനന്ദ് ഗിരി പറഞ്ഞിരുന്നു. മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആനന്ദ് ആവശ്യപ്പെട്ടിരുന്നു.

മഹന്ത് നരേന്ദ്ര ഗിരി മഹാരാജിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്, എസ്.പി നേതാവ് രാം ഗോപാല്‍ യാദവ് തുടങ്ങിയവര്‍ അനുശോചിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Saints who speak against BJP die like this, says Maharashtra Congress president

We use cookies to give you the best possible experience. Learn more