| Friday, 9th August 2024, 10:22 am

അമേരിക്കയെയും ചൈനയെയും പോലെ മെഡല്‍ നേടാന്‍ ഇന്ത്യക്കും സാധിക്കും, അതിന് ക്രിക്കറ്റിനെ പോലെ... സൈന നെഹ്‌വാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിന് ലഭിക്കുന്ന സൗകര്യങ്ങള്‍ മറ്റ് കായിക ഇനങ്ങള്‍ക്കും ലഭിച്ചാല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ നേടാന്‍ സാധിക്കുമെന്ന് മുന്‍ ബാഡ്മിന്റണ്‍ താരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുായ സൈന നെഹ്‌വാള്‍.

‘ബാഡ്മിന്റണായി ഇവിടെ എത്ര അക്കാദമികളുണ്ട്? ക്രിക്കറ്റിന് എത്രയുണ്ടെന്ന് അറിയാമോ? ഒരുപാടുണ്ട്. ഇതാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, ഇത്തരത്തില്‍ നിരവധി അക്കാദമികള്‍ ഓരോ ഇനത്തിനുമുണ്ടെങ്കില്‍, മികച്ച സൗകര്യങ്ങള്‍ ഓരോ ഇനത്തിനും ലഭിച്ചാല്‍ മെഡല്‍ സ്വന്തമാക്കാന്‍ സാധിക്കും.

ഞങ്ങള്‍ക്ക് ഒരു തരത്തിലുള്ള ശമ്പളവും ലഭിക്കുന്നില്ല, ഒന്നും തന്നെ ലഭിക്കുന്നില്ല. നിങ്ങള്‍ ചൈനയെ നോക്കൂ, ഓസ്‌ട്രേലിയയെ നോക്കൂ, അമേരിക്കയെ നോക്കൂ, നൂറിലധികം മെഡലുകളാണ് അവര്‍ക്ക് ലഭിക്കുന്നത്,’ ശുഭാംഗര്‍ മിശ്രയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൈന പറഞ്ഞു.

ക്രിക്കറ്റില്‍ ഓരോ താരങ്ങളെയും മികച്ച രീതിയിലാണ് പരിപാലിക്കുന്നതെന്നും സൈന പറഞ്ഞു.

‘മികച്ച ഡോക്ടര്‍മാര്‍, മികച്ച ഫിസിയോസ്, മികച്ച ട്രൈയ്‌നര്‍മാര്‍ ഇതെല്ലാം അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഷമി ജിക്ക് (മുഹമ്മദ് ഷമി) പരിക്ക് പറ്റിയിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അദ്ദേഹം അതില്‍ നിന്നും മോചിതനായി വീണ്ടും കളത്തിലിറങ്ങാന്‍ പോവുകയാണ്,’ സൈന നെഹ്‌വാള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ട് അയോഗ്യയായതിനെ കുറിച്ചും സൈന നെഹ്‌വാള്‍ സംസാരിച്ചിരുന്നു. വിനേഷിന്റെ ഭാഗത്ത് നിന്ന് പിഴവ് സംബന്ധിച്ചിട്ടുണ്ടെന്ന് വ്യക്തമാണെന്നും ഗുസ്തിയുടെ നിയമവശങ്ങള്‍ വിനേഷ് അറിയണമായിരുന്നു എന്നും സൈന പറഞ്ഞു.

”ഒളിമ്പിക്‌സ് പോലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ മത്സരിക്കുന്ന താരങ്ങള്‍ക്ക് ഇത്തരം പിഴവുകള്‍ സംഭവിക്കാറില്ല എന്നതാണ് വാസ്തവം. അവര്‍ ഭാരപരിശോധയില്‍ എങ്ങനെ പരാജയപ്പെട്ടു എന്നത് ഒരു ചോദ്യമാണ്. പാരിസില്‍ വിനേഷിനെ സഹായിക്കാന്‍ വലിയൊരു സംഘം തന്നെ ഒപ്പമുണ്ട്. പരിശീലകര്‍, ഫിസിയോ, ട്രെയിനേഴ്‌സ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് സംഘം. ഇവരെല്ലാം ഇപ്പോള്‍ കടുത്ത വിഷമത്തിലായിരിക്കും. ഗുസ്തിയിലെ നിയമങ്ങളെക്കുറിച്ച് എനിക്കത്ര പിടിയില്ല. എന്തായാലും ഇത് വളരെ വിഷമിപ്പിക്കുന്ന സംഭവമാണ്.

ഇത് വിനേഷ് ഫോഗട്ടിന്റെ ആദ്യ ഒളിമ്പിക്‌സല്ല. മൂന്നാം തവണയാണ് അവര്‍ ഒളിമ്പിക്‌സില്‍ മത്സരിക്കുന്നത്. കായികതാരമെന്ന നിലയില്‍ മത്സരിക്കുന്ന ഇനത്തിന്റെ നിയമവശങ്ങള്‍ അവര്‍ അറിയേണ്ടതായിരുന്നു. ഈ പിഴവ് എങ്ങനെ സംഭവിച്ചുവെന്ന് എനിക്കു മനസിലാകുന്നില്ല. ഇതുപോലൊരു വേദിയില്‍ മറ്റൊരു ഗുസ്തി താരത്തിനും ഇങ്ങനെ സംഭവിച്ചതായി ഞാന്‍ കേട്ടിട്ടില്ല.

വളരെയേറെ പരിചയസമ്പത്തുള്ള താരമാണ് വിനേഷ്. അവരുടെ ഭാഗത്തും പിഴവു സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. അതുകൊണ്ട് മെഡല്‍ നഷ്ടത്തില്‍ അവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത്തരമൊരു സുപ്രധാന മത്സരത്തിനു മുന്‍പ്, ഭാരക്കൂടുതല്‍ നിമിത്തം അയോഗ്യയാക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല.

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ ജേതാവാണ് വിനേഷ്. ഇത്തരമൊരു മത്സരത്തിനു മുന്‍പ് ശരീരഭാരം ക്രമപ്പെടുത്തേണ്ടതുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പിന്നെ എങ്ങനെയാണ് ഈ പിഴവ് സംഭവിച്ചത്? വിനേഷിനും അവരുടെ പരിശീലകര്‍ക്കും മാത്രമേ അറിയൂ. ഒരു ഉറച്ച മെഡല്‍ നഷ്ടമായതില്‍ എനിക്കു നിരാശയുണ്ട്’ സൈന പറഞ്ഞു.

Content Highlight:  Saina Nehwal says that India can win a medal in the Olympics if other sports get the same facilities as cricket.

We use cookies to give you the best possible experience. Learn more