ന്യൂദല്‍ഹി: ലണ്ടനില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിത്തന്ന ഗിരിഷയ്ക്ക് ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ സൈന നെഹ്‌വാള്‍ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
“ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിത്തന്ന ഗിരിഷയുടെ പ്രകടനം എന്നെ ഏറെ സ്വാധീനിച്ചു. ആ മെഡല്‍ നേട്ടത്തിനായി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകള്‍ എത്രയായിരിക്കുമെന്ന് മനസിലാക്കാവുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. []
ഇന്ത്യയ്ക്കായി അദ്ദേഹം കാഴ്ചവെച്ചത് മികച്ച പ്രകടനമാണ്. ഏതൊരു കായിക താരവും മാതൃകയാക്കേണ്ട പ്രകടമാണ് ഗിരിഷയുടേത്. ഞാന്‍ എന്റെ സന്തോഷമാണ് ഈ തുക നല്‍കി പ്രകടമാക്കുന്നത്. ഇത് എന്റെ സ്‌നേഹസമ്മാനം മാത്രമാണ്”- സൈന പറഞ്ഞു.
ഇടങ്കാലിന് വൈകല്യമുള്ള ഗിരിഷ എഫ്42 ഇനത്തില്‍ 1.74 മീറ്റര്‍ പിന്നിട്ടാണ് വെള്ളി സ്വന്തമാക്കിയത്. ഫിജിയുടെ ഇലിയേസ ദെലീന സ്വര്‍ണവും പോളണ്ടിന്റെ ലുകാസ് മംക്രാര്‍സ് വെങ്കലവും നേടി. ഗിരിഷയും ഇലിയേസയും ഒരേ ഉയരമാണ് പിന്നിട്ടതെങ്കിലും കുറഞ്ഞ അവസരങ്ങളില്‍ പിന്നിട്ടതുകൊണ്ടാണ് ഇലിയേസ സ്വര്‍ണം സ്വന്തമാക്കിയത്.
ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ ഗിരിഷയ്ക്ക് 30 ലക്ഷം രൂപ കാഷ് അവാര്‍ഡ് സമ്മാനിക്കുമെന്ന് കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍ വ്യക്തമാക്കിയിരുന്നു. ഒളിമ്പിക് ഗെയിമില്‍ മെഡല്‍ നേടിയവര്‍ക്ക് നല്‍കിയ അതേ നിരക്കില്‍ പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയവര്‍ക്കും കാഷ് അവാര്‍ഡ് നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.