സുകുമാരേട്ടന്റെ ചോരയല്ലേ, അപ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാകും: സായ്കുമാര്‍
Entertainment
സുകുമാരേട്ടന്റെ ചോരയല്ലേ, അപ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാകും: സായ്കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st September 2024, 8:45 am

മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് സുകുമാരന്‍. അദ്ദേഹത്തിന്റെ മകനാണ് പൃഥ്വിരാജ്. അഭിനേതാവ്, നിര്‍മാതാവ്, ഗായകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള താരമാണ് പൃഥ്വിരാജ്. 2002ല്‍ പുറത്തിറങ്ങിയ രഞ്ജിത്ത് ചിത്രം നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയത്തിലേക്ക് കടന്നുവരുന്നത്.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി വന്ന ലൂസിഫര്‍ ആണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സംവിധായക കുപ്പായമണിഞ്ഞ ആദ്യ സിനിമ തന്നെ ബ്ലോക്ക് ബസ്റ്റര്‍ ആക്കുകയായിരുന്നു. 100 കോടിയിലധികമാണ് ലൂസിഫര്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

സംവിധായകന്‍ എന്ന പൃഥ്വിരാജിനെയാണ് അഭിനേതാവ് എന്ന പൃഥ്വിരാജിനെക്കാളും കൂടുതലിഷ്ടം എന്ന് പറയുകയാണ് സായ്കുമാര്‍. അദ്ദേഹത്തിന്റെ അച്ഛന്‍ സുകുമാരന്‍ എങ്ങനെയാണോ അതുപോലെതന്നെയാണ് പൃഥ്വിരാജെന്നും ആ ആറ്റിറ്റിയൂഡ് അവിടെ നിന്ന് വന്നതാണെന്നും സായ്കുമാര്‍ പറയുന്നു.

തനിക്ക് എന്താണോ വേണ്ടത് അത് കൃത്യമായി പൃഥ്വിരാജിനറിയാമെന്നും സായ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘പൃഥ്വിരാജിനെ എനിക്ക് വളരെ ചെറുപ്പം മുതല്‍ അറിയുന്നതാണ്. അതില്‍ നിന്ന് ഇപ്പോഴത്തെ രാജു എന്ന് പറയുമ്പോള്‍ നമുക്ക് സ്നേഹം കൊണ്ടുള്ളൊരു കൗതുകം തോന്നും.

നീ അവിടെ നിക്കല്ലേ ഇങ്ങോട്ട് മാറിനില്‍ക്ക് എന്ന് സുകുമാരേട്ടന്‍ പറയുമ്പോള്‍ മാറി നില്‍ക്കുന്ന ഒരാള്‍ അദ്ദേഹത്തിന്റെ മകന്‍ അങ്ങനെ അല്ല ചേട്ടാ ഇങ്ങനെ എന്ന് പറയുമ്പോള്‍ ചെയ്യുന്ന ആള്‍ക്ക് ഇത് രണ്ടിലൂടെയും കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന കൗതുകമുണ്ടല്ലോ, അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല.

പൃഥ്വിരാജ് എന്ന നടനെയും സംവിധായകനെയും വെച്ച് നോക്കുകയാണെങ്കില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് പൃഥ്വിരാജിലെ സംവിധായകനെയാണ്. അദ്ദേഹത്തെ അപ്പോള്‍ നോക്കി നില്‍ക്കുന്നത് തന്നെ വല്ലാത്ത സുഖമാണ്.

രാജുവിന്റെ കൂടെ അഭിനയിക്കാനും രസമാണ് എന്നാലും സംവിധാനം ചെയ്യുമ്പോള്‍ അല്ല മോനെ ഇങ്ങനെ ചെയ്താലോ എന്ന് ചോദിക്കേണ്ട അവസരം തരില്ല. എനിക്ക് അതാണ് വേണ്ടതെന്ന് കൃത്യമായി പറയുന്നൊരാളാണ് പൃഥ്വിരാജ്. അതിപ്പോള്‍ ആരോടാണെങ്കിലും. അത് സുകുമാരേട്ടന്റെ ചോരയല്ലേ അപ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാകും,’ സായ്കുമാര്‍ പറയുന്നു.

Content Highlight: Saikumar Talks About Prithviraj Sukumaran