നാടകത്തിലൂടെ സിനിമയിലെത്തിയ താരമാണ് സായ് കുമാര്‍. കെ.പി.എ.സിയിലെ തിരക്കുള്ള നടനായി നാടകരംഗത്ത് സജീവമായി നില്‍ക്കുന്ന സമയത്താണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തിലെത്തിയ റാംജി റാവു സ്പീക്കിങ്ങില്‍ സായ് കുമാര്‍ അഭിനയിക്കുന്നത്.
ചിത്രം വമ്പന്‍ ഹിറ്റായതോടെ സായ് കുമാര്‍ തിരക്കുള്ള നടനായി മാറുകയായിരുന്നു. പിന്നീട് വില്ലന്‍ വേഷങ്ങളിലേക്കും ചുവട് മാറ്റിയ സായ് കുമാര്‍ മറ്റ് ക്യാരക്റ്റര്‍ റോളുകളിലൂടെയും മലയാള സിനിമയിലെ സ്ഥിരസാന്നിധ്യമായി മാറി.
സായ് കുമാറിന്റെ വില്ലനിസത്തിലൂടെ വലിയ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു കുഞ്ഞിക്കൂനനിലെ വാസു അണ്ണൻ. തമിഴിലും തെലുങ്കിലുമെല്ലാം റീമേക്ക് ചെയ്ത ചിത്രമായിരുന്നു കുഞ്ഞിക്കൂനൻ.
ചിത്രത്തിന്റെ റീമേക്കിലേക്കും തന്നെ അഭിനയിക്കാൻ വിളിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് വീണ്ടും അങ്ങനെ അഭിനയിക്കാൻ പറ്റില്ലെന്നും സായ്കുമാർ പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുഞ്ഞിക്കൂനൻ കഴിഞ്ഞപ്പോൾ എന്നെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും, കന്നഡയിൽ നിന്നുമെല്ലാം വിളിച്ചു. പക്ഷെ ഞാൻ പോയില്ല. കാരണം നമുക്ക് അതുപോലെ തന്നെ വീണ്ടും ചെയ്യാൻ പറ്റില്ല.
അത് പോലെ തന്നെ ഡിറ്റോയായി ചെയ്യണമെന്ന് പറഞ്ഞാൽ, അതൊരിക്കലും നടക്കില്ല. കാർന്നോർമാരുടെ അനുഗ്രഹം കൊണ്ടോ ദൈവാനുഗ്രഹം കൊണ്ടോ എനിക്കത് നന്നായി ചെയ്യാൻ കഴിഞ്ഞു. എന്തോ ഭാഗ്യം കൊണ്ട് അത് പറയുന്ന സമയത്ത് അങ്ങനെ വരുന്നതാണ്.
രണ്ടാമത്തെ ടേക്ക് എടുക്കുമ്പോൾ അത് തന്നെ വരണമെന്ന് പറഞ്ഞാൽ, ഞാൻ പെട്ട് പോവും. കാരണം വലിയ പാടാണ്. കാശിന്റെ കാര്യം ആലോചിക്കുമ്പോഴാണ് നമുക്ക് പോകണമെന്ന് തോന്നുക. പക്ഷെ എനിക്ക് പറ്റില്ല അങ്ങനെ അഭിനയിക്കാൻ,’സായ് കുമാർ പറയുന്നു.
Highlight: Saikumar Talk about His Character