| Wednesday, 28th August 2024, 8:01 am

ആ ചിത്രം എട്ടുനിലയിൽ പൊട്ടുമെന്ന് ഡബ്ബിങ് സമയത്ത് മനസിലായി, ഞങ്ങളുടെ പ്രതിഫലം മാത്രമായിരുന്നു ലാഭം: സായ് കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടകത്തിലൂടെ സിനിമയിലെത്തിയ താരമാണ് സായ് കുമാര്‍. കെ.പി.എ.സിയിലെ തിരക്കുള്ള നടനായി നാടകരംഗത്ത് സജീവമായി നില്‍ക്കുന്ന സമയത്താണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തിലെത്തിയ റാംജി റാവു സ്പീക്കിങ്ങില്‍ സായ് കുമാര്‍ അഭിനയിക്കുന്നത്.

ചിത്രം വമ്പന്‍ ഹിറ്റായതോടെ സായ് കുമാര്‍ തിരക്കുള്ള നടനായി മാറുകയായിരുന്നു. പിന്നീട് വില്ലന്‍ വേഷങ്ങളിലേക്കും ചുവട് മാറ്റിയ സായ് കുമാര്‍ മറ്റ് ക്യാരക്റ്റര്‍ റോളുകളിലൂടെയും മലയാള സിനിമയിലെ സ്ഥിരസാന്നിധ്യമായി മാറി.

താൻ അഭിനയിച്ച ഒരു ചിത്രത്തിനെ കുറിച്ച് സംസാരിക്കുകയാണ് സായ് കുമാർ. ഡബ്ബിങ്ങിന് പോയപ്പോൾ തന്നെ പടം പരാജയപ്പെടുമെന്ന് തനിക്ക് മനസിലായെന്നും താനും നടൻ ജഗതി ശ്രീകുമാറും ആ പടത്തിന് പ്രതിഫലം വാങ്ങിയില്ലെന്നും അദ്ദേഹം പറയുന്നു.

പിന്നീടൊരിക്കൽ നിർമാതാവിനെ കണ്ടപ്പോൾ ചിത്രത്തിന് ആകെ കിട്ടിയ ലാഭം തങ്ങളുടെ പ്രതിഫലത്തിന്റെ പൈസയാണെന്ന് പറഞ്ഞെന്നും സായ്കുമാർ പറഞ്ഞു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയുടെ പേരൊന്നും ഞാൻ പറയുന്നില്ല. ഞാനും അമ്പിളി ചേട്ടനും കൂടെയുള്ള ഒരു സിനിമയാണ്. തിരുവനന്തപുരം ചിത്രാജ്ഞലിയിൽ വെച്ചാണ് അതിന്റെ ഡബ്ബിങ് നടക്കുന്നത്. എനിക്ക് കുറച്ചൂടെ അമൗണ്ട് അവർ തരാനുണ്ട്. ഡബ്ബ് ചെയ്യുമ്പോൾ തന്നെ എനിക്ക് മനസിലായി ഇത് എട്ട് നിലയിൽ പൊട്ടാനുള്ള സിനിമയാണെന്ന്.

ഞാൻ ചെന്നപ്പോൾ മുതൽ ചിത്രത്തിന്റെ നിർമാതാവ് എന്റെ അടുത്ത് വന്നിട്ട്, ചേട്ടാ ബാലൻസ് പൈസ ഇതാ എന്ന് പറയുന്നുണ്ട്. ഞാൻ പറഞ്ഞു. അത് കയ്യിൽ വെക്ക്, ഞാൻ വാങ്ങിച്ചോളാമെന്ന്. താഴെ ഒരു ചെട്ടിയാറുടെ വീടുണ്ട്, എനിക്കവിടെ ഒന്ന് കയറാനുണ്ട് തിരിച്ച് വരുമ്പോൾ ഞാൻ വാങ്ങിക്കാമെന്ന് പറഞ്ഞു.

ഞാൻ അങ്ങോട്ട് ഇറങ്ങുമ്പോൾ അമ്പിളി ചേട്ടൻ ഡബ്ബ് ചെയ്യാൻ ഇങ്ങോട്ട് വരുന്നുണ്ട്. അദ്ദേഹം എന്നെ കണ്ടപാടെ, കഴിഞ്ഞോ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, എട്ട് നിലയിൽ പൊട്ടാനുള്ളതാണെന്ന്. അപ്പോൾ അമ്പിളി ചേട്ടൻ പതിനെട്ട് നിലയെന്ന് ഇങ്ങോട്ട് പറഞ്ഞു.

കുറച്ച് കാലം കഴിഞ്ഞ് ഒരാളുടെ കല്യാണ സമയത്ത് ഞാൻ ആ നിർമാതാവിനെ വീണ്ടും കണ്ടു. ചോദിക്കുന്നത് ശരിയല്ല, എന്നാലും ഞാൻ ചോദിച്ചു, എങ്ങനെ ഉണ്ടായിരുന്നു പടമെന്ന്. രണ്ടേകാൽ ലക്ഷം എനിക്ക് ലാഭം കിട്ടി ചേട്ടായെന്ന് അയാൾ മറുപടി തന്നു.

ഞാൻ അതെയോ എന്ന് ചോദിച്ചപ്പോൾ, അയാൾ അതെ ചേട്ടന്റെ ഒരു ലക്ഷവും അമ്പിളി ചേട്ടന്റെ ഓന്നേകാൽ ലക്ഷവുമെന്ന് മറുപടി തന്നു. കാരണം ഞാനും അമ്പിളി ചേട്ടനും അതിന് പൈസ വാങ്ങിച്ചില്ല. അങ്ങനെ ആ പടത്തിന് ആകെ കിട്ടിയ ലാഭം രണ്ടേകാൽ ലക്ഷം രൂപയാണ്,’സായ് കുമാർ പറയുന്നു.

Content Highlight: Saikumar Talk about A Flop Movie In Malayalam

We use cookies to give you the best possible experience. Learn more