| Sunday, 15th December 2024, 9:47 pm

ആ മോഹൻലാൽ ചിത്രത്തെ കുറിച്ച് ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ എനിക്ക് തല്ല് കിട്ടും: സായി കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. തന്റെ ഇഷ്ടനടനെ കാണാനാഗ്രഹിക്കുന്ന രീതിയില്‍ പൃഥ്വിരാജ് ആദ്യചിത്രത്തില്‍ തന്നെ അവതരിപ്പിച്ചത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ലൂസിഫര്‍ മാറി. ആദ്യഭാഗത്തെക്കാള്‍ വലിയ രീതിയിലാണ് പൃഥ്വിരാജ് എമ്പുരാന്‍ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

മഹേഷ് വർമ എന്ന പ്രധാന കഥാപാത്രമായി നടൻ സായി കുമാറും ലൂസിഫറിൽ എത്തിയിരുന്നു. ഇപ്പോഴിതാ എമ്പുരാനെ കുറിച്ചുള്ള മാധ്യങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം.

സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അവർ തന്നെ തല്ലുമെന്നും തമാശ രൂപേണ സായികുമാർ പറഞ്ഞു. മുഖകാണിക്കാതെ ഒരാളുടെ പോസ്റ്റർ സിനിമയുടെ അണിയറപ്രവർത്തകർ ഇറക്കിയിരുന്നു. എന്നാൽ ആ പോസ്റ്ററിലുള്ളത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ റോളിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. നിങ്ങൾ കണ്ട് നോക്ക് എങ്ങനെയുണ്ടെന്ന്. അതിനെപ്പറ്റി ഞാനിപ്പോൾ എന്തെങ്കിലും പറഞ്ഞാൽ അവരെന്നെ തല്ലും(ചിരി). ഞാനും ഞെട്ടിയിരിക്കുകയാണ്. മാർച്ച് 27 ന് ആ സിനിമയുടെ ബാക്കി കാര്യങ്ങൾ ഞാൻ പറയാം. ആ പോസ്റ്ററിൽ ആരാണെന്നത് എനിക്കറിയില്ല. ഞാനത് കണ്ടിട്ടേയില്ല,’സായി കുമാർ പറയുന്നു.

അടുത്ത വർഷം മാർച്ച് 27 നാണ് എമ്പുരാൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വലിയ ഹൈപ്പോടെയാണ് സിനിമ ഇറങ്ങാൻ പോവുന്നത്. ഒന്നാംഭാഗമായ ലൂസിഫർ ഗോഡ്ഫാദർ എന്ന പേരിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിരഞ്ജീവി, നയൻ‌താര തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ബോളിവുഡ് താരം സൽമാൻ ഖാനും ഗസ്റ്റ് റോളിൽ അഭിനയിച്ചിരുന്നു.

Content Highlight: Saikumar About Empuran Movie

We use cookies to give you the best possible experience. Learn more