വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. കളിച്ച നാല് മത്സരത്തില്‍ നാലും വിജയിച്ചാണ് മുംബൈ ഡബ്ല്യൂ.പി.എല്‍ പോയിന്റ് ടേബിളിന്റെ തലപ്പത്ത് തുടരുന്നത്.
ആദ്യ മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ 143 റണ്‍സിന് പരാജയപ്പെടുത്തിയ മുംബൈ രണ്ടാം മത്സരത്തില്‍ സ്മൃതി മന്ദാനയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഒമ്പത് വിക്കറ്റിനും മൂന്നാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ട് വിക്കറ്റിനും പരാജയപ്പെടുത്തിയിരുന്നു.
യു.പി വാറിയേഴ്‌സിനെതിരെയായിരുന്നു മുംബൈ തങ്ങളുടെ നാലാം വിജയം കുറിച്ചത്. എട്ട് വിക്കറ്റും 15 പന്തും കയ്യിലിരിക്കവെയായിരുന്നു മുംബൈ വിജയം പിടിച്ചടക്കിയത്.
മുംബൈ ഇന്ത്യന്‍സിന്റെ ഈ നാല് മത്സരങ്ങളിലും സൂപ്പര്‍ താരങ്ങളുടെ കണ്‍സിസ്റ്റന്‍സിയും ചര്‍ച്ചയായിരുന്നു. ഹെയ്‌ലി മാത്യൂസ്, ഹര്‍മന്‍പ്രീത് കൗര്‍, നാറ്റ് സ്‌കൈവര്‍ ബ്രണ്ട് തുടങ്ങിയ താരങ്ങളെല്ലാം തന്നെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. ഇക്കൂട്ടത്തില്‍ പ്രത്യേകം എടുത്ത് പറയേണ്ട പേരാണ് സ്പിന്നര്‍ സയ്ക ഇഷാഖിന്റേത്.
മുംബൈക്കായി കളിച്ച എല്ലാ മത്സരത്തിലും താരം വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതുവരെ 12 വിക്കറ്റ് വീഴ്ത്തിയ സയ്ക പര്‍പ്പിള്‍ ക്യാപ്പ് ഹോള്‍ഡര്‍ കൂടിയാണ്.
ഗുജറാത്ത് ജയന്റ്‌സിനെതിരായ മത്സരത്തില്‍ 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സയ്ക ആര്‍.സി.ബിക്കെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റും ദല്‍ഹിക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു.
യു.പി. വാറിയേഴ്‌സിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റായിരുന്നു താരം വീഴ്ത്തിയത്.
യു.പിക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സയ്ക ഇഷാഖിനായി. ഇന്ത്യന്‍ ഫ്രാഞ്ചൈസി ലീഗില്‍ (ഐ.പി.എല്‍ / ഡബ്ല്യൂ.പി.എല്‍) ആദ്യ നാല് മത്സരത്തിന് ശേഷം ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന റെക്കോഡാണ് സയ്ക സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ് ലെജന്‍ഡ് ലസിത് മലിംഗയെ മറികടന്നുകൊണ്ടാണ് സയ്ക ഈ നേട്ടം സ്വന്തമാക്കിയത്.
നാല് മത്സരത്തിന് ശേഷം ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം (ഐ.പി.എല്‍ / ഡബ്ല്യൂ.പി.എല്‍)