|

അവര്‍ പറഞ്ഞതുകേട്ട് ഞാന്‍ മീശ വെച്ചപ്പോള്‍ ആ നടന്‍മാര്‍ ക്ലീന്‍ ഷേവാക്കി; മലയാളസിനിമയില്‍ മാത്രമെന്താ ഇങ്ങനെയെന്ന് ചിന്തിച്ചു: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. 2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ മയൂഖത്തിലുടെയാണ് അദ്ദേഹം സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രങ്ങളായും സൈജു 100ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

തുടക്ക കാലത്ത് താന്‍ മീശയും താടിയും വെക്കാതെയാണ് സിനിമകളില്‍ അഭിനയിച്ചിരുന്നതെന്നും തനിക്ക് മീശയും താടിയും വെക്കുന്നത് ഇഷ്ടമല്ലായിരുന്നുവെന്നും സൈജു കുറുപ്പ് പറയുന്നു. എന്നാല്‍ ചിലര്‍ താടിയും മീശയും ഉണ്ടെങ്കില്‍ മാത്രമേ പൊലീസ് കഥാപാത്രങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് പറഞ്ഞെന്നും അങ്ങനെ മീശ വെക്കാന്‍ തുടങ്ങിയെന്നും സൈജു പറഞ്ഞു.

മീശ വളര്‍ത്തി ഞാന്‍ അവസരത്തിനായി കാത്തിരുന്നപ്പോള്‍ അന്നത്തെ കട്ടിമീശക്കാരായ നായകന്മാരായ ജയസൂര്യയും പൃഥ്വിരാജുമെല്ലാം മീശ ഒഴിവാക്കി –  സൈജു കുറുപ്പ്

താന്‍ മീശ വെക്കാന്‍ തുടങ്ങിയപ്പോള്‍ അന്നത്തെ മീശയുള്ള നായകന്മാരായ ജയസൂര്യയും പൃഥ്വിരാജും ക്ലീന്‍ ഷേവാക്കിയെന്നും അപ്പോള്‍ തനിക്ക് വയസായപോലെ തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.

‘ഞാന്‍ സിനിമയിലേക്ക് വന്ന സമയത്ത് താടിയും മീശയും വെക്കാറില്ലായിരുന്നു. എനിക്ക് എന്നെ അങ്ങനെ കാണാനായിരുന്നു ഇഷ്ടം. മീശ ഉണ്ടെങ്കില്‍ ചായ കുടിച്ചാല്‍ അതൊക്കെ മീശയില്‍ പറ്റിപ്പിടിച്ചിരിക്കും. മീശ ഇല്ലെങ്കില്‍ ആ പ്രശ്‌നമില്ല. ഒറ്റ വലിക്ക് കുടിച്ചാല്‍ മതി.

പിന്നെ ചിലര്‍ എന്നോട് പറഞ്ഞു, സിനിമയില്‍ പൊലീസ് വേഷങ്ങള്‍ കിട്ടണമെങ്കില്‍ മീശ വളര്‍ത്തണമെന്ന്. മിക്ക സിനിമകളിലും പൊലീസ് വേഷങ്ങള്‍ ശക്തമായതായിരിക്കും. എന്നാല്‍ മലയാള സിനിമയില്‍ മാത്രം എന്തുകൊണ്ട് മീശ വെക്കണം എന്ന ചിന്തയും എനിക്ക് വന്നു.

അങ്ങനെ അവസരങ്ങള്‍ കിട്ടാന്‍ വേണ്ടി ഞാന്‍ മീശയെല്ലാം വളര്‍ത്തി. മീശ വളര്‍ത്തി ഞാന്‍ അവസരത്തിനായി കാത്തിരുന്നപ്പോള്‍ അന്നത്തെ കട്ടിമീശക്കാരായ നായകന്മാരായ ജയസൂര്യയും പൃഥ്വിരാജുമെല്ലാം മീശ ഒഴിവാക്കി.

പുതിയ മുഖത്തിലെല്ലാം പൃഥ്വിരാജ് മീശയില്ലാതെയാണ് അഭിനയിച്ചിരിക്കുന്നത്. അപ്പോള്‍ ഞാന്‍ വയസനായി. അന്നത്തെ ന്യൂ ജനറേഷന്‍ ആയിട്ടാണ് ഞാന്‍ മീശ ഒഴിവാക്കിയത്,’ സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju Kurupp talks about why he maintained clean shave look in his earliest films

Video Stories