മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. 2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ മയൂഖത്തിലുടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രങ്ങളായും സൈജു 100ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താന്‍ തിരക്കഥ എഴുതിയതിനെ കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്.
താന്‍ തിരക്കഥ എഴുതിയിരുന്നുവെന്നും പക്ഷെ ഇപ്പോള്‍ നിര്‍ത്തിയെന്നും അദ്ദേഹം പറയുന്നു. ദി നെക്സ്റ്റ് 14 മിനിട്ട്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്. ഇനി താന്‍ ഒരു തിരക്കഥയുമായി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ബോളിവുഡ് മോഹങ്ങളെ കുറിച്ചും സൈജു അഭിമുഖത്തില്‍ പറയുന്നു.
‘തിരക്കഥ ഞാന്‍ എഴുതിയിരുന്നു. പക്ഷെ തിരക്കഥ എഴുതുന്നത് ഞാന്‍ നിര്‍ത്തി. ആ പരിപാടി ഞാന്‍ നിര്‍ത്തിയിട്ടുണ്ട്. ഇനി ആരും അതില്‍ പേടിക്കേണ്ട. ഇനി ഞാന്‍ ഒരു തിരക്കഥയുമായി വരില്ല. പിന്നെ ബോളിവുഡ് മോഹങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. സീരിയാസായി അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. അവിടെ പോയി വലിയ ഹീറോ ആകാന്‍ ആയിരുന്നില്ല എന്റെ ആഗ്രഹം.
ഹിന്ദി എനിക്ക് നന്നായി അറിയുന്ന ഭാഷയാണ്. പക്ഷെ ഇപ്പോള്‍ എന്റെ മലയാളം കുറച്ചു കൂടെ സ്‌ട്രോങ്ങായിട്ടുണ്ട്. എന്റെ പഴയ മലയാളത്തിനേക്കാള്‍ സ്‌ട്രോങ്ങായിട്ടുണ്ട് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ ഇവിടെ ജനിച്ച് വളര്‍ന്ന ഒരാളുടെ മലയാളത്തിന്റെ അത്രയും സ്‌ട്രോങ്ങായിട്ടില്ല. എന്റെ ഹിന്ദി ഇപ്പോള്‍ മലയാളത്തേക്കാള്‍ കുറച്ചു കൂടെ താഴെയാണ്. ഒരു ഘട്ടം വരെ ഞാന്‍ ഹിന്ദിയില്‍ ആയിരുന്നു ചിന്തിച്ചിരുന്നത്,’ സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: Saiju Kurupp Talks About Script Writing