മലയാളികള്‍ക്ക് ഏറെ പ്രിയപെട്ട നടനാണ് സൈജു കുറുപ്പ്. ഒരുപാട് സിനിമകളില്‍ നായകനായും സഹ നടനായുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. സൈജു കുറുപ്പിന്റേതായി തിയേറ്ററിലെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘എ രഞ്ജിത്ത് സിനിമ’. ഡിസംബര്‍ 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നിശാന്ത് സട്ടു സംവിധാനം ചെയ്ത ഈ സിനിമയില്‍ സൈജു കുറുപ്പിനൊപ്പം ആസിഫ് അലി, ഹന്ന റെജി കോശി, നമിത പ്രമോദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഇപ്പോള്‍ ‘എ രഞ്ജിത്ത് സിനിമ’യുടെ പ്രമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ എങ്ങനെയാണ് ഒരു സിനിമ സെലക്റ്റ് ചെയ്യുകയെന്ന് സംസാരിക്കുകയാണ് താരം.
‘എനിക്ക് എന്റെ സിനിമകള്‍ എന്‍ജോയ് ചെയ്യാന്‍ പറ്റാറില്ല. കാരണം ഞാന്‍ വരുന്ന സീനില്‍ എന്നെ തന്നെയാകും ശ്രദ്ധിക്കുന്നത്. പക്ഷേ ഞാന്‍ ഇല്ലാത്ത സിനിമകള്‍ എന്‍ജോയ് ചെയ്യാറുമുണ്ട്.
പിന്നെ ഒരു കഥ തെരഞ്ഞെടുക്കുമ്പോള്‍ അത് എന്റര്‍ടൈന്‍ ചെയ്യുന്നതാണോ എന്നാണ് ശ്രദ്ധിക്കേണ്ടത്. മെജോറിറ്റി ആളുകള്‍ക്ക് ഇഷ്ടപ്പെടാനാണ് നമ്മള്‍ സിനിമ കമ്മിറ്റ് ചെയ്യുന്നത്.
ഓരോ സിനിമ വരുമ്പോഴും അത് വിലയിരുത്തുകയും വേണം. സിനിമ കാണുന്ന സമയത്ത് ആളുകള്‍ക്ക് ഓരോന്നും കണക്ട് ആവണം.
മെജോറിറ്റി ആളുകള്‍ക്ക് ഇഷ്ടപെടുന്നത് കാരണമാണ് സിനിമ ഹിറ്റാകുന്നത്. അവര്‍ക്ക് ഇഷ്ടപ്പെടാതെ വരുമ്പോഴാണ് ഫ്‌ളോപ്പാകുന്നത്. എന്തുകൊണ്ടാണ് ഫ്‌ളോപ്പാകുന്നതെന്നോ ഹിറ്റ് ആകുന്നതെന്നോ കൃത്യമായി കണ്ടെത്താന്‍ കഴിയില്ല.
ഉദാഹരണത്തിന് ആര്‍.ഡി.എക്‌സ് സിനിമയില്‍ എല്ലാവരും പറയുന്ന ഒരു സീന്‍ ഉണ്ട്. കുട്ടിയുടെ കഴുത്തില്‍ നിന്നും മാല പിടിച്ചു പറിച്ചടുക്കുന്ന സീന്‍. അത് ഭയങ്കര ഹുക്കാണ്. പക്ഷെ അത് കൊണ്ട് മാത്രം സിനിമ ഹിറ്റാകില്ല. മൊത്തത്തില്‍ ആ സിനിമ നന്നായത് കൊണ്ടാണ് ആ സിനിമ ഹിറ്റായത്.
അതിനകത്ത് ഉള്ള ചേട്ടന്‍-അനിയന്‍ ബന്ധവും അച്ഛന്‍-മകന്‍ ബന്ധവും കൂട്ടുകാര്‍ തമ്മിലുള്ള ബന്ധവും ഗുരുവുമായുള്ള ബന്ധവും ഇതെക്കെയാണ് അവിടെ കാണിച്ചിട്ടുള്ളത്.
സിനിമയുടെ ഹുക്ക് ഒരുപക്ഷെ ആ കുട്ടിയുടെ സീന്‍ ആയിരിക്കും, എന്നാല്‍ മൊത്തം സിനിമയുടെ വിജയത്തിന് കാരണം ആ സീന്‍ ആണെന്ന് പറയാന്‍ പറ്റില്ല. അങ്ങനെ ഒരു സീന്‍ കാരണം മാത്രം ഒരു സിനിമയും ഹിറ്റായിട്ടില്ല,’ സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: Saiju Kurupp Talks About RDX Movie