ആ പൃഥ്വിരാജ് ചിത്രത്തിലെ സീന്‍ വലിയ സംഭവമായി തോന്നി; പിന്നീടത് ഗ്രാഫിക്‌സ് ആകുമെന്ന് ഊഹിച്ചു: സൈജു കുറുപ്പ്
Entertainment
ആ പൃഥ്വിരാജ് ചിത്രത്തിലെ സീന്‍ വലിയ സംഭവമായി തോന്നി; പിന്നീടത് ഗ്രാഫിക്‌സ് ആകുമെന്ന് ഊഹിച്ചു: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th August 2024, 3:35 pm

കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ജീത്തു ജോസഫ്. അദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ ഒരു നിയോ-നോയര്‍ ക്രൈം-ത്രില്ലര്‍ ചിത്രമാണ് മെമ്മറീസ്. പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തിയ ചിത്രം 2013ലായിരുന്നു പുറത്തിറങ്ങിയത്.

എസ്.പി. ശ്രീകുമാര്‍, വിജയരാഘവന്‍, മേഘ്‌ന രാജ്, മിയ ജോര്‍ജ്, സുരേഷ് കൃഷ്ണ, രാഹുല്‍ മാധവ് എന്നിവര്‍ അഭിനയിച്ച മെമ്മറീസില്‍ സാം അലക്സ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തിയത്. മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളില്‍ ഒന്നായാണ് ഈ ജീത്തു ജോസഫ് ചിത്രത്തെ കണക്കാക്കുന്നത്.

മെമ്മറീസ് സിനിമയിലെ ഒരു സീന്‍ കണ്ടപ്പോഴാണ് ജീത്തു ജോസഫിന്റെ മേക്കിങ് സെന്‍സ് പുതിയതാണെന്ന് തോന്നിയതെന്ന് പറയുകയാണ് നടന്‍ സൈജു കുറുപ്പ്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീത്തു ജോസഫിന്റെ മേക്കിങ് സെന്‍സ് പുതിയതാണെന്ന് തോന്നിയ സീനുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സൈജു.

‘മെമ്മറീസ് സിനിമയില്‍ ഒരു സീനുണ്ട്. വണ്ടിയുടെ ഉള്ളിലൂടെ ക്യാമറ പോയിട്ടുള്ള ഒരു സീന്‍ ആയിരുന്നു അത്. ഗ്രാഫിക്‌സ് വല്ലതും ആയിരിക്കാമെന്ന് ഞാന്‍ പിന്നീട് ഊഹിച്ചെടുത്തു. പക്ഷെ അന്ന് തിയേറ്ററില്‍ കണ്ടപ്പോള്‍ വലിയ സംഭവമായി ഫീല്‍ ചെയ്തു. മെമ്മറീസ് കണ്ടപ്പോഴാണ് ജീത്തു ജോസഫിന്റെ മേക്കിങ് സെന്‍സ് പുതിയതാണെന്ന് തോന്നിയത്.

അതിന് മുമ്പുള്ള അദ്ദേഹത്തിന്റെ സിനിമകളും കണ്ടിട്ടുള്ള ആളാണ് ഞാന്‍. ഡിറ്റക്ടീവ് ആണെങ്കിലും മമ്മി ആന്‍ഡ് മീയാണെങ്കിലും, അതൊക്കെ ഞാന്‍ കണ്ട പടങ്ങളാണ്. പക്ഷെ മെമ്മറീസിലെ ആ ഷോട്ട് മറക്കാന്‍ പറ്റാത്ത ഷോട്ടായിരുന്നു,’ സൈജു കുറുപ്പ് പറഞ്ഞു.


Content Highlight: Saiju Kurupp Talks About Memories Movie