| Friday, 8th December 2023, 9:28 am

ദുല്‍ഖര്‍ ഞങ്ങള്‍ക്കിടയില്‍ കേള്‍വിക്കാരന്‍ മാത്രമായി; ആ നാല്പത്തിയഞ്ച് മിനിറ്റ് മമ്മൂട്ടി സാറുമായി സംസാരിച്ചു: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരിക്കല്‍ ദുല്‍ഖറിനെ കാണാന്‍ വേണ്ടി വീട്ടില്‍ പോയ സമയം മമ്മൂട്ടി തന്റെ അടുത്തേക്ക് വന്നതിനെ പറ്റിയും തങ്ങള്‍ പരസ്പരം സംസാരിച്ചതിനെ പറ്റിയും പറയുകയാണ് നടന്‍ സൈജു കുറുപ്പ്.

തന്റെ ഏറ്റവും പുതിയ സിനിമയായ ‘എ രഞ്ജിത്ത് സിനിമ’യുടെ പ്രമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ ഒരിക്കല്‍ ദുല്‍ഖറിനെ കാണാന്‍ വേണ്ടി വീട്ടില്‍ പോയി. ഞാന്‍ വന്നതറിഞ്ഞ് മമ്മൂട്ടി സാര്‍ ദുല്‍ഖറിനോട് ‘അവനെ കണ്ടിട്ട് കുറേ നാളായി’ എന്ന് പറഞ്ഞ് എന്റെ അടുത്തേക്ക് വന്നു.

അന്ന് രാത്രി പത്തേ മുക്കാലിനാണ് ഞാന്‍ ദുല്‍ഖറിനെ കാണാന്‍ അവിടെ എത്തിയത്. പതിനൊന്നര വരെ, നാല്പത്തിയഞ്ച് മിനിട്ട് ദുല്‍ഖര്‍ അടുത്തിരിക്കുമ്പോള്‍ ഞാനും മമ്മൂട്ടി സാറും സംസാരിച്ചിരുന്നു.

മമ്മൂട്ടി സാറിന്റെ സിനിമ കണ്ടിട്ട് എനിക്ക് ചെറുപ്പം മുതല്‍ വന്നിട്ടുള്ള സംശയങ്ങളെല്ലാം ഈ നാല്പത്തിയഞ്ച് മിനിറ്റില്‍ ഞങ്ങള്‍ സംസാരിച്ചു. സൂര്യമാനസം സിനിമ കണ്ടിട്ട് ഞാന്‍ ഒരുപാട് കരഞ്ഞിരുന്നു. അതിനെ പറ്റിയും ജോണിവാക്കറിനെ പറ്റിയും സംസാരിച്ചു.

സൂര്യമാനസം കഴിഞ്ഞാണ് അദ്ദേഹം ജോണിവാക്കറില്‍ അഭിനയിക്കുന്നത്. സൂര്യമാനസത്തിലെ രൂപവും ജോണിവാക്കറിലെ രൂപവും രണ്ട് തരത്തിലാണ്. അത്രയും വര്‍ഷങ്ങള്‍ മുമ്പുള്ള കാര്യങ്ങള്‍ സംസാരിച്ചു.

നമ്മള്‍ തിയേറ്ററില്‍ കണ്ട സിനിമകളെ പറ്റി സംസാരിച്ചു. ആ നാല്പത്തിയഞ്ച് മിനിറ്റ് ഒരിക്കലും മറക്കില്ല. ശല്യപെടുത്താന്‍ ആരുമുണ്ടായിരുന്നില്ല. ദുല്‍ഖര്‍ കേള്‍വിക്കാരന്‍ മാത്രമായിരുന്നു.

ഞാന്‍ മമ്മൂട്ടി സാറിനോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ഓരോ സിനിമകളെ പറ്റി ചോദിക്കുമ്പോഴും അദ്ദേഹം അനുഭവങ്ങള്‍ പറയുകയായിരുന്നു. ഞാന്‍ മിക്കവാറും ദുല്‍ഖറിനെ കാണാന്‍ ചെല്ലുമ്പോള്‍ മമ്മൂട്ടി സാര്‍ അവിടെ ഉണ്ടാകാറുണ്ട്.

അപ്പോള്‍ സാര്‍ വെറുതെ തമാശക്ക് ‘അവനെ കാണാന്‍ വന്നതല്ലേ, ഇവിടെ ഇരിക്കുന്നോ അതോ അവന്റെ കൂടെ അകത്ത് ഇരിക്കുന്നോ’ എന്ന് ചോദിക്കും. ഞാന്‍ അകത്തിരുന്നോളം എന്ന് പറയും. പക്ഷേ അന്ന് രാത്രി ആയത് കാരണം സാറിനെ കാണാന്‍ ആരും ഉണ്ടായിരുന്നില്ല,’ സൈജു കുറുപ്പ് പറഞ്ഞു.

അതേസമയം, സൈജു കുറുപ്പിന്റേതായി തിയേറ്ററിലെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘എ രഞ്ജിത്ത് സിനിമ’. ഡിസംബര്‍ 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നിശാന്ത് സട്ടു സംവിധാനം ചെയ്ത ഈ സിനിമയില്‍ സൈജു കുറുപ്പിനൊപ്പം ആസിഫ് അലി, ഹന്ന റെജി കോശി, നമിത പ്രമോദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആന്‍സണ്‍ പോള്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും സിനിമയുടെ ഭാഗമാകുന്നു.

Content Highlight: Saiju Kurupp Talks About Mammootty

We use cookies to give you the best possible experience. Learn more