മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സൈജു കുറുപ്പ്. 2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ മയൂഖത്തിലുടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രങ്ങളായും സൈജു 100ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമ തന്നെ വേണ്ടവിധം പരിഗണിച്ചിട്ടില്ലെന്ന് തോന്നിയിട്ടില്ലെന്ന് പറയുകയാണ് നടന്‍. തനിക്ക് മികച്ച അവസരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ദി നെക്സ്റ്റ് 14 മിനിട്ട്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.
‘സിനിമ വേണ്ടവിധം എന്നെ പരിഗണിച്ചില്ല എന്ന് എനിക്ക് തോന്നിയിട്ടില്ല. അതിന്റെ കാരണം എനിക്ക് അത്യാവശ്യം നല്ല അവസരങ്ങള്‍ കിട്ടിയിട്ടുണ്ട് എന്നതാണ്. സാധാരണ ഒരാളുടെ ആദ്യ സിനിമ വര്‍ക്ക് ഔട്ടായില്ല എന്നുണ്ടെങ്കില്‍ അവര്‍ക്ക് പിന്നെ അവസരം കിട്ടുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. പക്ഷെ എനിക്ക് അവസരങ്ങള്‍ കിട്ടി. പിന്നെ ഞാന്‍ തന്നെ ഒരു ബ്രേക്ക് എടുത്തു. അതായത് എനിക്ക് ആ സമയത്ത് വന്നുകൊണ്ടിരുന്നത് മെയിന്‍ സ്ട്രീം സിനിമകള്‍ ആയിരുന്നില്ല. ഓഫ് ബീറ്റ് സിനിമകളും മറ്റുമായിരുന്നു അത്. എനിക്കാണെങ്കില്‍ മെയിന്‍ സ്ട്രീം സിനിമകളായിരുന്നു ആവശ്യം.
ആ സമയത്ത് ചെറിയ നിരാശയൊക്കെ ഉണ്ടായിരുന്നു, ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. അഭിനയിക്കാന്‍ അറിയില്ലെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. പിന്നെ എങ്ങനെയാണ് ഇത് വര്‍ക്ക് ആവുക. ഈ പരിപാടി അറിയില്ലെന്ന തിരിച്ചറിവ് എനിക്ക് തന്നെ ഉണ്ടായിരുന്നു. അഭിനയം എവിടെയെങ്കിലും പോയി പഠിക്കാനാണ് ഭാര്യ എന്നോട് പറഞ്ഞത്. ഇന്ന് എറണാകുളത്ത് എല്ലാ ജംങ്ഷനിലും ആക്ടിങ് ക്ലാസുകള്‍ കാണാം. പക്ഷെ അന്ന് അങ്ങനെ ആയിരുന്നില്ല. എന്റെ അറിവില്‍ അന്ന് ഇവിടെ അങ്ങനെ ആക്ടിങ് ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. പൂനെയിലോ ബോംബൈയിലോ പോകേണ്ടി വരുമായിരുന്നു.
അവിടെ പോകാന്‍ എനിക്ക് ഹിന്ദി അറിയാമായിരുന്നു. വേണമെങ്കില്‍ ആ വഴി ബോളിവുഡും ഒന്ന് ട്രൈ ചെയ്യാവുന്നതാണെന്ന് ഞാന്‍ ചിന്തിച്ചു (ചിരി). പക്ഷെ പണം ഒരു പ്രശ്‌നമായിരുന്നു. അന്നത്തെ എന്റെ സാമ്പത്തികം വെച്ച് അത് വര്‍ക്ക് ആകില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ പോയില്ല. പിന്നെ ദൈവത്തില്‍ എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. ദൈവമായിട്ടാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അല്ലാതെ സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞ് ഞാന്‍ നടന്നിട്ടില്ല. അപ്പോള്‍ ദൈവം എന്തോ കണ്ടിട്ടുണ്ട്. ദൈവം എന്നെ ആക്ടിങ് പഠിപ്പിക്കും എന്നതാണ് എന്റെ വിശ്വാസം. ചാന്‍സ് തന്ന ദൈവം അഭിനയവും പഠിപ്പിക്കും എന്ന വിശ്വാസത്തിലാണ് ഞാന്‍ മുന്നോട്ട് പോയത്,’ സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: Saiju Kurupp Talks About His Career