ഡിപ്രഷന്റെ പീക്കില്‍ നില്‍ക്കുമ്പോഴും വേദനിപ്പിച്ചവരുണ്ട്: അന്ന് അദ്ദേഹം മാത്രമാണ് ധൈര്യം തന്നത്: സൈജു കുറുപ്പ്
Entertainment
ഡിപ്രഷന്റെ പീക്കില്‍ നില്‍ക്കുമ്പോഴും വേദനിപ്പിച്ചവരുണ്ട്: അന്ന് അദ്ദേഹം മാത്രമാണ് ധൈര്യം തന്നത്: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd October 2024, 9:13 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സൈജു കുറുപ്പ്. 2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ മയൂഖത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രങ്ങളായും സൈജു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഈയിടെ ഇറങ്ങിയ ഭരതനാട്യം എന്ന ചിത്രത്തിലൂടെ സിനിമാ നിര്‍മാണത്തിലേക്കും സൈജു കാലെടുത്തുവെച്ചിരുന്നു. തോമസ് തിരുവല്ലയും സൈജുവും ചേര്‍ന്നായിരുന്നു ഈ സിനിമ നിര്‍മിച്ചത്. കൃഷ്ണദാസ് മുരളി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ സൈജു കുറുപ്പ്, സായ് കുമാര്‍, കലാരഞ്ജിനി, ശ്രീജ രവി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

എന്നാല്‍ ഹ്യൂമറിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതേസമയം ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെ മികച്ച അഭിപ്രായം നേടിയിരുന്നു. ഈ സിനിമയുടെ പരാജയത്തെ കുറിച്ച് പറയുകയാണ് സൈജുകുറുപ്പ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആകെ തോമസേട്ടന്‍ മാത്രമായിരുന്നു ഈ സിനിമയെ കുറിച്ച് പറഞ്ഞ് ഞങ്ങള്‍ക്ക് ധൈര്യം തന്നത്. ‘ഒരു കുഴപ്പവുമില്ല, നമ്മുടെ പടം കയറും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്. പക്ഷെ അവസാനം നമ്മള്‍ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. അതായത് ഞാനും കൃഷ്ണദാസും വിചാരിച്ചത് പോലെ തന്നെ പടം അവിടെ ഇരുന്ന് പോയി.

പക്ഷെ എവിടെയോ തുടക്കം ഗ്രിപ്പ് പിടിക്കാത്തത് കാരണമാകണം പടം പ്രതീക്ഷിച്ച പോലെ കയറാതിരുന്നത്. സിനിമ ഇറങ്ങിയിട്ട് പത്തും പതിനഞ്ചും ദിവസമായതോടെ ഞാനും കൃഷ്ണദാസുമൊക്കെ വളരെ ഡിപ്രസ്ഡായി പോയിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.

ഞങ്ങളെ വിളിക്കുന്നവരൊക്കെ നല്ല റിവ്യൂസായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അതിന്റെ ഇടക്ക് ഒന്നോരണ്ടോ ആളുകള്‍ മുറിവില്‍ ഉപ്പിടുന്നത് പോലെ സംസാരിക്കാന്‍ ഉണ്ടായിരുന്നു. ഈ പടം അല്ലെങ്കിലും തിയേറ്ററില്‍ വര്‍ക്കാകേണ്ട പടമല്ല എന്നായിരുന്നു അവര്‍ പറഞ്ഞത്.

പിന്നെ കമന്റ്‌സ് വരുമല്ലോ. തല്ലിപൊളി പടമെന്നൊക്കെ പലരും കമന്റ് ചെയ്തു. ഞങ്ങളാണെങ്കില്‍ ഡിപ്രഷന്റെ പീക്കില്‍ നില്‍ക്കുകയാണ്. ആ സമയത്താണ് ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്,’ സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju Kurupp Talks About Bharathanatyam Movie