|

എമ്പുരാനൊപ്പം അഭിലാഷം റിലീസ് ചെയ്യാനുള്ള തീരുമാനം അവരുടേത്; അതില്‍ അവര്‍ക്ക് കോണ്‍ഫിഡന്‍സുണ്ട്: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിയറയിലെ അശോകന്‍ എന്ന സിനിമക്ക് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മിക്കുന്നത്.

ജെനിത് കാച്ചപ്പിള്ളി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, തന്‍വി റാം, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവര്‍ക്ക് പുറമെ ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ മികച്ച താരനിരയും അഭിലാഷത്തിനായി ഒന്നിക്കുന്നുണ്ട്.

ഈ സിനിമ മാര്‍ച്ച് 27നാണ് റിലീസിന് എത്തുന്നത്. അതേ ദിവസം തന്നെയാണ് പൃഥ്വിരാജ് സുകുമാരന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന എമ്പുരാന്റെയും റിലീസ്. പല സിനിമകളും എമ്പുരാന്റെ റിലീസുള്ളത് കാരണം തങ്ങളുടെ റിലീസ് ഡേറ്റ് മാറ്റിവെച്ചിരുന്നു.

അഭിലാഷം മാത്രമാണ് എമ്പുരാന്റെ ഒപ്പം തിയേറ്ററില്‍ എത്തുന്നത്. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സൈജു കുറുപ്പ്. എമ്പുരാന്റെ കൂടെ അഭിലാഷം സിനിമ റിലീസ് ചെയ്യുകയെന്നത് നിര്‍മാതാക്കളുടെ തീരുമാനമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അവര്‍ക്ക് അതില്‍ കോണ്‍ഫിഡന്‍സുണ്ടെന്നും സൈജു കൂട്ടിച്ചേര്‍ത്തു.

‘എമ്പുരാന്റെ കൂടെ നമ്മുടെ അഭിലാഷം എന്ന സിനിമ റിലീസ് ചെയ്യുക എന്നത് പ്രൊഡ്യൂസേഴ്‌സിന്റെ തീരുമാനമായിരുന്നു. അവര്‍ക്ക് അതില്‍ കോണ്‍ഫിഡന്‍സുണ്ട്. അവര്‍ പറയുന്നത് പോലെ എമ്പുരാന്‍ എന്നത് ഇതുവരെ മലയാളത്തില്‍ വന്നിട്ടുള്ളതില്‍ വെച്ച് വളരെ വലിയ സിനിമയാണ്.

അതുകൊണ്ട് തന്നെ ആ സിനിമ കാണാന്‍ തിയേറ്ററിലേക്ക് വരുന്ന ആളുകളുടെ വളരെ വലിയ ഓളവും കാണും. അതിന്റെ ഇടയില്‍ നമ്മുടെ പടവും ആളുകള്‍ കണ്ട് പോകും. അതാണ് ആലോചന. കൂടുതല്‍ ഒന്നും നമുക്ക് അറിയില്ല. നോക്കാം, നമ്മള്‍ നല്ലത് പ്രതീക്ഷിക്കുന്നു,’ സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju Kurupp Talks About Abhilasham Movie Release With Empuraan Movie

Latest Stories

Video Stories