Entertainment
ഞാന്‍ ഏറ്റവുമധികം റിപ്പീറ്റ് ചെയ്ത കഥാപാത്രം; എന്റെ കരിയറിലെയും ജീവിതത്തിലെയും നാഴികക്കല്ലാണത്: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 16, 04:26 am
Sunday, 16th February 2025, 9:56 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സൈജു കുറുപ്പ്. 2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ മയൂഖത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രങ്ങളായും സൈജു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സൈജുവിന് ഏറ്റവും ശ്രദ്ധ നേടി കൊടുത്ത ഒരു വേഷമായിരുന്നു അറക്കല്‍ അബുവിന്റേത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു അറക്കല്‍ അബു. ഇപ്പോള്‍ താന്‍ ചെയ്ത കഥാപാത്രങ്ങളില്‍ മനസില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രം ഏതാണെന്ന് പറയുകയാണ് സൈജു കുറുപ്പ്.

എല്ലാ കഥാപാത്രങ്ങളും തന്റെ മനസില്‍ തങ്ങി നില്‍പ്പുണ്ടെന്നും എന്നാല്‍ തന്റെ കരിയറിലെയും ജീവിതത്തിലെയും ഒരു നാഴികക്കല്ലാണ് ആട് ഒരു ഭീകര ജീവിയിലെ അറക്കല്‍ അബുവെന്നും സൈജു പറഞ്ഞു. തന്റെ യഥാര്‍ത്ഥ പേര് കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും അധികം വിളിക്കുന്നത് അറക്കല്‍ അബു എന്നാകുമെന്നും അദ്ദേഹം പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.

‘ഞാന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളും എന്റെ മനസില്‍ തങ്ങി നില്‍പ്പുണ്ട്. എന്റെ കരിയറിലെയും ജീവിതത്തിലെയും ഒരു നാഴികക്കല്ലാണ് ആട് ഒരു ഭീകര ജീവിയിലെ അറക്കല്‍ അബു. എന്റെ ഒറിജിനല്‍ പേര് കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും അധികം എന്നെ വിളിക്കുന്നത് അറക്കല്‍ അബു എന്നായിരിക്കും.

അതിനു ശേഷമേയുള്ളൂ പപ്പേട്ടനും പ്രസന്നനും ജോണി പെരിങ്ങോടനുമൊക്കെ. ആടിന്റെ ഒന്നും രണ്ടും കഴിഞ്ഞ് ഇപ്പോള്‍ ആടിന്റെ മൂന്നാം ഭാഗത്തിലും അറക്കല്‍ അബുവായിട്ട് തന്നെയാണ് വരാന്‍ പോകുന്നത്. അപ്പോള്‍ ഏറ്റവും അധികം റിപ്പീറ്റ് ചെയ്തിട്ടുള്ള കഥാപാത്രവും അറക്കല്‍ അബു തന്നെയാണ്,’ സൈജു കുറുപ്പ് പറയുന്നു.

ഒരു ഐതിഹാസിക സംവിധായകനാണ് ഹരിഹരനെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ സിനിമാ രംഗത്ത് എത്തിപ്പെടാന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും സൈജു അഭിമുഖത്തില്‍ പറഞ്ഞു. സിനിമാ രംഗത്ത് തന്റെ പേരും മുഖവും അറിയപ്പെടാന്‍ അവസരമൊരുക്കിയത് അതുതന്നെയാണെന്നും സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju Kurupp Talks About Aadu Oru Bheekara Jeeviyanu